അക്ഷയ സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Local News

മലപ്പുറം : അക്ഷയ സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി.സംസ്ഥാനത്തെ അക്ഷയ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധനയുടെ ആവശ്യമില്ലെന്നും അതിന് കാരണമായ സാഹചര്യങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അക്ഷയ കേന്ദ്രങ്ങളുടെ നിലനില്‍പ്പിന് ഭീഷിണിയാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്റ്റേറ്റ് ഐ.ടി. എപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സ്വീകരിച്ച ശേഷം നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി മേല്‍ കാര്യങ്ങള്‍ പറഞ്ഞത്.
അക്ഷയ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച സേവന നിരക്ക് കാലാനുസൃതമായി പരിഷ്‌കരിക്കുക, അനാവശ്യ പരിശോധനയും നിയന്ത്രണങ്ങളും അവസാനിപ്പിക്കുക, സംസ്ഥാനത്തെ മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇ-ലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക, അക്ഷയക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ നിരുപാധികം അടച്ചുപൂട്ടുക, അംഗീകൃത സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കുക, നിലവിലെ സംരംഭകര്‍ക്ക് സുരക്ഷയൊരുക്കാതെ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിച്ച് കൂടുതല്‍ പേരുടെ ഭാവികൂടി നഷ്ടപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, അക്ഷയ നടത്തിപ്പിലൂടെ മാത്രം ജീവിക്കാനാവാത്തതിനാല്‍ മറ്റുതൊഴിലുകളിലേര്‍പ്പെട്ടവര്‍ക്കെതിരേയുള്ള നടപടി പുനഃപരിശോധിക്കുക, അക്ഷയ കേന്ദ്രങ്ങള്‍ നടത്തി കൊണ്ടുപോകാനാവാത്ത സാഹചര്യങ്ങളില്‍ ബന്ധുക്കള്‍ക്കോ, യോഗ്യരായ മറ്റു വ്യക്തികള്‍ക്കോ കൈമാറാന്‍ അനുമതി നല്‍കുക, ആധാര്‍ പോലുള്ള സേവനങ്ങുടെ തുക അതാത് മാസം തന്നെ വിതരണം ചെയ്യുക, അക്ഷയ സംരംഭകരെയും പ്രൊജക്ട് ഓഫീസ് ജീവനക്കാരെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് യൂണിയന്‍ ആവശ്യപ്പെട്ടത്.
സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ., മറ്റുഭാരവാഹികളായ യു.പി. ഷറഫുദ്ദീന്‍ ഓമശ്ശേരി, ഷബീര്‍ തിരുത്തി കാസര്‍കോട്, സമീറ പുളിക്കല്‍ മലപ്പുറം, അഷ്റഫ് പട്ടാക്കല്‍ അരീക്കോട്, റഷീദ് തീക്കുനി കോഴിക്കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.