മണ്‍സൂര്‍ ബംബര്‍ 10 കോടി അടിച്ചത് ഹരിതകര്‍മസേനാംഗങ്ങളായ 11 പേര്‍ പങ്കിട്ടെടുത്ത ടിക്കറ്റിന്.

Local News

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി അടിച്ചത് ഹരിതകര്‍മസേനാംഗങ്ങളായ 11 പേര്‍ പങ്കിട്ടെടുത്ത ടിക്കറ്റിന്. പരപ്പനങ്ങാടിയില്‍ വിറ്റ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകര്‍മസേനയിലെ 11 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് നറുക്കെടുത്ത മണ്‍സൂണ്‍ ബമ്പര്‍ എം.ബി 200261 നമ്പര്‍ ടിക്കറ്റ് പാലക്കാട് ഏജന്‍സിയില്‍നിന്ന് പരപ്പനങ്ങാടിയിലെത്തിയ ആളാണ് ഇവര്‍ക്ക് വില്‍പന നടത്തിയത്. ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഏല്‍പ്പിച്ചു.
മുങ്ങാത്തംതറ കൊഴുകുമ്മല്‍ ബിന്ദു, ചെട്ടിപ്പടി മാഞ്ചേരി ഷീജ, സദ്ദാംബീച്ച് കുരുളില്‍ ലീല, ചിറമംഗലം പുല്ലാഞ്ചേരി രശ്മി, സദ്ദാംബീച്ച് പട്ടണത്ത് കാര്‍ത്ത്യായനി, പുത്തരിക്കല്‍ മുണ്ടുപാലത്തില്‍ രാധ, പുത്തരിക്കല്‍ ചെറുകുറ്റിയില്‍ കുട്ടിമാളു, പുത്തരിക്കല്‍ ചെറുമണ്ണില്‍ ബേബി, സദ്ദാംബീച്ച് തുടിശ്ശേരി ചന്ദ്രിക, പരപ്പനങ്ങാടി പാര്‍വതി, കെട്ടുങ്ങല്‍ കുരുളില്‍ ശോഭ എന്നിവരടങ്ങുന്ന ഹരിതകര്‍മസേനയിലെ അംഗങ്ങളാണ് 250 രൂപയ്ക്ക് ടിക്കറ്റെടുത്തത്.

25 രൂപ വീതം ഒന്‍പതു പേര്‍ ഇടുകയും പത്താമത്തെയും പതിനൊന്നാമത്തെയും ആളുകള്‍ 12 രൂപ 50 പൈസ വീതം നല്‍കിയുമാണ് ടിക്കറ്റ് വാങ്ങിയത്. പരപ്പനങ്ങാടി നഗരസഭ കെട്ടിടത്തിന് പിറകിലെ മാലിന്യങ്ങള്‍ തരം തിരിക്കുന്ന പണിയിലേര്‍പ്പെട്ടിരുന്ന വനിതാ ഹരിതകര്‍മസേനാംഗങ്ങള്‍ ജോലിക്കിടയിലെ ഇടവേളയിലാണ് ഭാഗ്യം കൊണ്ടുവന്ന ലോട്ടറി സ്വന്തമാക്കിയത്.