മലേഷ്യന്‍ പരമോന്നത പുരസ്‌കാരം;കാന്തപുരത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

Local News

മലപ്പുറം: മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരം സ്വീകരിച്ച് തിരിച്ചെത്തിയ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക വിമാനത്തില്‍ രാവിലെ 8.17നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സമസ്ത നേതാക്കളായ ഇ. സുലൈമാന്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങി പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും കാന്തപുരം ഉസ്താദിനെ സ്വീകരിച്ചു. ശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാരന്തൂര്‍ മര്‍കസിലേക്ക് ആനയിച്ചു.
സാമൂഹിക വൈജ്ഞാനിക മേഖലകളില്‍ മികച്ച സേവനങ്ങള്‍ നല്‍കുന്ന മത പണ്ഡിതര്‍ക്ക് ഹിജ്‌റ വര്‍ഷാരംഭത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് മലേഷ്യന്‍ രാജാവ് അല്‍ സുല്‍ത്വാന്‍ അബ്ദുള്ള സുല്‍ത്വാന്‍ അഹ്മദ് ഷാ കന്തപുരത്തിന് സമ്മാനിച്ചത്.