പൊതു സ്ഥലത്ത് തെറിപ്പാട്ടുകള്‍;യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെകേസെടുത്ത് വളാഞ്ചേരി പോലീസ്

Local News

മലപ്പുറം: പൊതു സ്ഥലത്ത് തെറിപ്പാട്ടുകള്‍ പാടിയതിന് യുട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ കേസെടുത്ത് വളാഞ്ചേരി പൊലീസ്. വളാഞ്ചേരിയിലെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു തൊപ്പിയുടെ തെറിപ്പാട്ട്. സ്ഥാപന ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച വളാഞ്ചേരിയിലെ പെപ്പെ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതിനിടെയായിരുന്നു തൊപ്പിയുടെ തെറിപ്പാട്ട്. തൊപ്പിയുടെ ആരാധകരായി എത്തിയിരുന്ന ആയിരത്തിലേറെ ആളുകളുടെ മുന്നിലായിരുന്നു തെറിപ്പാട്ട്. കുട്ടികള്‍ ഉള്‍പ്പടെ പരിപാടിയിലുണ്ടായിരുന്നു.

തൊപ്പിയെ കാണാനെത്തിയ ആരാധകരുടെ തിരക്ക് മൂലം വളാഞ്ചേരിയില്‍ ദേശീയ പാത മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു. വളാഞ്ചേരി സ്വദേശി പാടത്ത് സൈഫുവിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. വളാഞ്ചേരി സംഭവത്തോടെ തൊപ്പിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഒട്ടേറെ സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവര്‍മാര്‍ കണ്ണൂര്‍ സ്വദേശിയായ തൊപ്പിക്കെതിരെ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ അശ്ലീല പദപ്രയോഗം നടത്തിയതിന് ഐ.പി.സി 294ബി, ഗതാഗത സംതംഭനം സൃഷ്ടിച്ചതിന് ഐ.പി.സി 283 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് വളാഞ്ചേരി എസ്.ഐ ജലീല്‍ കറുത്തേടത്ത് അറിയിച്ചു.

അതേ സമയം സമൂഹമാധ്യമങ്ങളില്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യവുമായി ഡി വൈ എഫ്‌ ഐ. രംഗത്തുവന്നിരുന്നു. യുട്യൂബ് അടക്കമുള്ള വിഡിയോ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം, കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എന്നിവയ്ക്കാണു മാനദണ്ഡം രൂപീകരിക്കേണ്ടത്. സാമൂഹിക വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വിഡിയോകള്‍ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

‘തൊപ്പി’ യുട്യൂബറുടെ ചില വിഡിയോകള്‍ വിവാദമായ പശ്ചാത്തലത്തിലാണു ഡി വൈ എഫ്‌ ഐയുടെ ആവശ്യം. സ്ത്രീവിരുദ്ധതയും തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖം നടത്തുകയും അയാളെ ഉദ്ഘാടനത്തിനു കൊണ്ടുവരികയും ചെയ്യുന്നത് എന്തുതരം സന്ദേശമാണു സമൂഹത്തിനു നല്‍കുക? സ്ത്രീവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ ‘കണ്ടന്റ്’ സൃഷ്ടിക്കുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ നിയമ നടപടി വേണമെന്നും ഡി വൈ എഫ്‌ ഐ ആവശ്യപ്പെട്ടു.