ജിമ്മിൽ ചേർന്നത് ഒരു വർഷം മുമ്പ്; കഠിന പരിശ്രമം തുണയായി…….ബോഡി ബിൽഡിങ്ങിൽ ‘കാരണവരായി’ മുഹമ്മദ് മുസ്തഫയുടെ അഭിമാന നേട്ടം

Keralam News Sports

മലപ്പുറം: ജനുവരി ആറിന് മലപ്പുറം ടൗൺഹാളിൽ നടന്ന മലപ്പുറം ജില്ല ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ 50 വയസിനു മുകളിലുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ പുളിക്കൽ കണ്ണംവെട്ടിക്കാവ് സ്വദേശി മുഹമ്മദ് മുസ്തഫയുടെ നേട്ടത്തിന് പിന്നിൽ കഠിന പരിശ്രമത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും വലിയ അനുഭവ പാഠമുണ്ട്. ഒരു വർഷം മുമ്പാണ് പാചകതൊഴിലാളിയും മുൻ പ്രവാസിയുമായ മുസ്തഫ പുളിക്കൽ ഫിറ്റ്സോൺ ജിമ്മിൽ ട്രെയിനർ ഷാജുവിന്‍റെ കീഴിൽ പരിശീലനം തുടങ്ങിയത്. ജിമ്മിൽ എല്ലാവരും മുഹമ്മദ്ക്ക എന്ന പേരിലായിരുന്നു അദ്ദേഹത്തെ വിളിക്കാറ്. തടി കുറക്കാനും ജീവിതശൈലി രോഗങ്ങളെ തടയാനുമായിരുന്നു അദ്ദേഹം ജിമ്മിൽ പ്രവേശനം നേടിയത്. ചെറിയ ഭാരങ്ങൾ ഉയർത്തിയും ലഘുവായ വ്യായാമത്തിലൂടെയും ജിമ്മിലെ ആദ്യ മാസങ്ങൾ കടന്നുപോയി. പിന്നീട് കൃത്യമായി ജിമ്മിലെ ക്ലാസുകൾക്ക് എത്തി ചുരുങ്ങിയത് ഒന്നര മണിക്കൂർ സ്ഥിരമായ വ്യായാമം ചെയ്യാൻ തുടങ്ങി. ട്രെയിനറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് അദ്ദേഹം തന്‍റെ ശരീര ഭാരം പത്ത് കിലോയോളം കുറച്ച് ആദ്യ നേട്ടം സ്വന്തമാക്കി. തുടർന്ന് സ്ഥിരോത്സാഹത്തോടെ തന്‍റെ വർക്കൗട്ട് തുടർന്ന മുഹമ്മദിനോട് വരാനിരിക്കുന്ന ജില്ല ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിന് ഒരു കൈ നോക്കണോയെന്ന് ട്രെയിനർ ഷാജു ചോദിച്ചു. ആ ചോദ്യം കേട്ടപാടെ ‘മുഹമ്മദ്ക്ക’ പൂർണ ആത്മ വിശ്വാസത്തോടെ പറഞ്ഞു ‘‘എന്നാ പിന്നെ രണ്ടു കൈയും നോക്കാമെന്ന്’’. ആദ്യം തമാശയാണെന്ന് കരുതിയ ട്രെയിനർക്ക് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസത്തിൽ കാര്യമുണ്ടെന്ന് ബോധ്യമായി. പിന്നീട് അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് ധൈര്യം പകർന്ന് ട്രെയിനർ ഷാജു ചിട്ടയായ പരിശീലനം നൽകി തുടങ്ങി. ഭക്ഷണകാര്യത്തിലും കൃത്യമായ നിർദ്ദേശങ്ങൾ നൽകി. മുസ്തഫ യുവാക്കളെ വെല്ലുന്ന ആവേശത്തോടെ ജിമ്മിലെത്തി തന്‍റെ പരിശീലനം കൃത്യമായി നിർവഹിച്ച് ജില്ല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണമെന്ന് തീർച്ചപ്പെടുത്തി. പിന്നീട് നാല് മാസത്തോളും കഠിന പരിശ്രമം നടത്തി അദ്ദേഹം ജില്ല ബോഡി ചാമ്പ്യൻഷിപ്പിൽ 50 വയസിനു മുകളില്ലുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയാണ് മടങ്ങിയത്. ആ വെള്ളിക്ക് സ്വർണത്തേക്കാൾ സന്തോഷ ഭാരമുണ്ടായിരുന്നു. മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച മുഹമ്മദ് മുസ്തഫക്ക് നാട്ടുകാരുടെ നേതൃത്വത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. തന്‍റെ പരിശീലന കളരിയായ പുളിക്കൽ ഫിറ്റ്സോൺ ജിമ്മിനെറ ആദരിക്കൽ ചടങ്ങ് ജനുവരി 13ന് നടക്കും. വ്യായാമങ്ങളിൽ നിന്നകന്ന് ഫാസ്റ്റ് ഫുഡിന് പിറകെ പോയി ശരീരം അപകടത്തിലാക്കുന്ന യുവാക്കൾക്ക് മാതൃകയാണ് ഈ 54-കാരൻ.