വിമര്‍ശിക്കുന്നവരെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ ഭീരുക്കള്‍: വി.ഡി സതീശന്‍

Keralam News Politics

തിരുവനന്തപുരം: വിമര്‍ശിക്കുന്നവരെ വേട്ടയാടാനും ജയിലിലടയ്ക്കാനും ശ്രമിക്കുന്ന ഭരണാധികാരികള്‍ ഭീരുക്കളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ആയിരംകൊല്ലം അടക്കിഭരിക്കാന്‍ പദ്ധതിയൊരുക്കിയ ഹിറ്റ്‌ലര്‍ക്ക് കേവലം രണ്ട് ദശകങ്ങളെ തുടരാനായുള്ളൂ. ഏകാധിപതികളെയെല്ലാം ജനങ്ങള്‍ വലിച്ചെറിഞ്ഞ ചരിത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്‌ക്കാര സാഹിതിയുടെ ടാഗോര്‍ പുരസ്‌ക്കാരം കഥാകൃത്ത് ടി.പത്മനാഭന് നല്‍കിയും പഠന ക്യാമ്പായ വിചാര സദസ് ഉദ്ഘാടനം ചെയ്തും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസഭയില്‍ പിണറായി എഴുതികൊണ്ടുവരുന്ന കടലാസ്‌പോക്കറ്റില്‍നിന്നെടുത്ത് വായിക്കുകയും മന്ത്രിമാര്‍ കൈയ്യടിച്ച് പാസാക്കുകയുമാണ്. ഒരു ചര്‍ച്ചയും ചോദ്യങ്ങളും നിയമപ്രശ്‌നങ്ങളുമൊന്നുമില്ല. നിയമസഭയില്‍ മുഖ്യമന്ത്രിയെ സ്റ്റാലിനോടുപമിച്ച് വിമര്‍ശിച്ചപ്പോള്‍ സ്വതവേ ക്ഷോഭിക്കുകയും മുഖംകറുപ്പിക്കുകയും ചെയ്യാറുള്ള മുഖ്യമന്ത്രി അത് അംഗീകാരമായി കണ്ട് പുഞ്ചിരിക്കുകയായിരുന്നു . ഇത് കണ്ട് നാണംകെട്ട്‌പോയത് താനാണെന്നും സതീശന്‍ പറഞ്ഞു.
എതിര്‍ക്കുന്നരെപ്പോലും അംഗീകരിക്കുന്ന സംസ്‌ക്കാരമാണ് കോണ്‍ഗ്രസിന്റേത്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും വിമര്‍ശകനായിരുന്ന അംബേദ്ക്കറെ നെഹ്‌റു തന്റെ മന്ത്രിസഭയിലെ നിയമമന്ത്രിയാക്കുകയാണ് ചെയ്തത്. ഭരണഘടനാ കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനവും അംബേദ്ക്കര്‍ക്ക് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
നാലാഞ്ചിറയിലെ മാന്‍ഇവാനിയോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌ക്കാരസാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. ടി.പത്മനാഭന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, ചെറിയാന്‍ ഫിലിപ്പ്, ടി. ശരത്ചന്ദ്രപ്രസാദ്, എന്‍.വി പ്രദീപ്കുമാര്‍, നെയ്യാറ്റിന്‍കര സനല്‍, വി.ആര്‍ പ്രതാപന്‍ പ്രസംഗിച്ചു.
പഠനക്യാമ്പില്‍ ‘മതരാഷ്ട്രവാദം മതനിരപേക്ഷ സമൂഹത്തില്‍’ എന്ന വിഷയം ഡോ. എം.എന്‍ കാരശേരി അവതരിപ്പിച്ചു. ഫാസിസ്റ്റ് കാലത്തെ എഴുത്തും ജീവിതവും’ എന്ന വിഷയം കല്‍പ്പറ്റ നാരായണനും ‘നവഫാസിസം ചരിത്രവും വര്‍ത്തമാനവും’ കെ.ഇ.എന്‍ കുഞ്ഞഹമ്മദും അവതരിപ്പിച്ചു. 5ന് ‘സത്യാനന്തരകാലത്തെ മാധ്യമപ്രവര്‍ത്തനം’ എന്ന വിഷയം സണ്ണിക്കുട്ടി എബ്രഹാം, സിബി സത്യന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സാംസ്‌ക്കാരിക പരിപാടികളും നടന്നു.
ഇന്ന് രാവിലെ ‘സിനിമയും സമൂഹവും’ ഐ. ഷണ്‍മുഖദാസ്, ബിനോയ് തോമസ്, ആലപ്പി അഷ്‌റഫ് അവതരിപ്പിക്കും. 11.30ന് ‘നെഹ്‌റുവിനെ ഭയക്കുന്നതാര്’ എന്ന വിഷയം ഡോ. ശശിതരൂര്‍ എം.പി അവതരിപ്പിക്കും. ഡോ. ജെ.എസ് അടൂര്‍ പ്രസംഗിക്കും. ഉച്ചക്ക് ശേഷം 1.30ന് ‘കേരളീയ നവോത്ഥാനവും സ്വാതന്ത്ര്യസമരപോരാട്ടവും’ ചെറിയാന്‍ ഫിലിപ്പ് അവതരിപ്പിക്കും. വൈകുന്നേരം 3.15ന് ‘നീതിന്യായ വ്യവസ്ഥയും ഭരണകൂടവും’ എന്ന വിഷയം അഡ്വ. ജയശങ്കര്‍ അവതരിപ്പിക്കും. നാലിന് പ്രവര്‍ത്തന രേഖ അവതരിപ്പിക്കും. അഞ്ചിന് സമാപനസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കേന്ദ്രവും കേരളവും ഭരിക്കുന്നത് ഭയം: ടി. പത്മനാഭന്‍

തിരുവനന്തപുരം: കേന്ദ്രവും കേരളവും ഭരിക്കുന്നത് ഭയമാണെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. സംസക്കാര സാഹിതിയുടെ പ്രഥമ ടാഗോര്‍ പുരസ്‌ക്കാരം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ ഭയത്തില്‍ നിന്നും മോചനം വേണം. ഗാന്ധിയെയും നെഹ്‌റുവിനെയും ആസാദിനെയും തമസ്‌ക്കരിക്കുന്നവര്‍ ഇനി ടാഗോറിനെയും തമസ്‌ക്കരിക്കുന്നകാലം വിദൂരമല്ല. ഇന്നും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നയാളാണ് താന്‍. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ജീവിച്ചയാളെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ പരാമര്‍ശം താന്‍ കളത്തിന് പുറത്തിരുന്ന് കളി കണ്ടയാളല്ലെന്നും കളത്തിലിറങ്ങികളിച്ചയാളെന്നും പത്മനാഭന്‍ തിരുത്തി. 1940തില്‍ ഒമ്പതോ പത്തോ വയസുള്ളപ്പോള്‍ ഗാന്ധിയുടെ വ്യക്തിസത്യാഗ്രഹത്തിന്റെ സന്ദേശവുമായി കോഴിപ്പുറത്ത് മാധവമേനോനും എ.വി കുട്ടിമാളുഅമ്മയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കണ്ണൂരിലെത്തിയപ്പോള്‍ അവര്‍ക്കൊപ്പം നടന്നയാളാണാണ് താന്‍. പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാരായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ അന്ന് പ്രസംഗിക്കാന്‍പോലും അനുവദിക്കാതെ പറഞ്ഞയക്കുകയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സ്വാതന്ത്ര്യ സമര മുദ്രാവാക്യങ്ങള്‍ ചുമരില്‍ എഴുതിയതിന് ഒരാഴ്ച സ്‌കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. കുട്ടികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് ജയിലിലടയ്ക്കാതിരുന്നത്. അന്നത്തെ വീര്യമൊന്നും ചോര്‍ന്നുപോയിട്ടില്ലെന്നും 1943 മുതല്‍ ഖദര്‍ വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും വ്യക്തമാക്കി. പലരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ എല്ലായിടത്തും ഖദര്‍ ധരിച്ചുതന്നെയാണ് പോയത്. കെ. കേളപ്പന്റെയും, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും മൊയ്തുമൗലവിയുടെയുമൊക്കെ ക്ലാസുകള്‍കേട്ട് വളര്‍ന്നുവന്നയാളാണ് താന്‍.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും എന്നാല്‍ കോണ്‍ഗ്രസ് തോല്‍വിയില്‍ നിന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.