തീറ്റയ്ക്ക് വില കുത്തനെ ഉയരുന്നു; കടക്കെണിയിലായി കോഴിക്കർഷകർ

Keralam News

കോഴിത്തീറ്റയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ നിന്ന് കരകയറാനാവാതെ സംസ്ഥാനത്തെ കോഴിക്കർഷകർ. മൂന്ന് മാസത്തിനിടെ ആയിരം രൂപ കൂടിയതോടെ നാല്പതു ലക്ഷം വരുന്ന കർഷകരാണ് ദുരിതത്തിലായത്. ഇറച്ചിക്കോഴിയുടെ തീറ്റയ്ക്ക് ആയിരം രൂപയും മുട്ടക്കോഴിയുടെ തീറ്റയ്ക്ക് അഞ്ഞൂറ് രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. വായ്പയെടുത്ത് കോഴിക്കൃഷി തുടങ്ങിയ കർഷകരൊക്കെ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞിരിക്കുകയാണ്.

50 കിലോ ഇറച്ചിക്കോഴിയുടെ തീറ്റവില 2300 ഉം മുട്ടക്കോഴിയുടേതിന് 1530 രൂപയുമാണ് നിലവിലെ വില. കിട്ടുന്ന പണം മൊത്തം തീറ്റയ്ക് തന്നെ വേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തീറ്റ ഉല്പാദിപ്പിക്കാനാവശ്യമായ സോയാബീനും ചോളത്തിനും വില കൂടിയത് കൊണ്ടാണ് തീറ്റയുടെ വിലയും വർധിപ്പിക്കേണ്ടി വന്നതെന്നാണ് കാരണമായി പറയുന്നത്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സോയയും ചോളവും കൂടുതലായി കൃഷി ചെയ്യുന്നത്. കിലോയ്ക്ക് നാല്പത് രൂപ മാത്രമുണ്ടായിരുന്ന സോയാബീൻ ഇപ്പോൾ 100 രൂപയ്ക്കാണ് കമ്പനി വാങ്ങുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതോടു കൂടി ഇനിയും വില കൂടുമെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്.

സമീപ കാലത്ത് ഇത്രയും ഉയർന്ന ആദ്യമായിട്ടാണ്. ഡൽഹിയിലെ കർഷക സമരം കൊണ്ടാണ് കൃഷി കുറഞ്ഞതെന്നും അതുകൊണ്ടാണ് വില കൂടിയതുമെന്നാണ് കാരണമായി പറയുന്നത്. തീറ്റ ഉൽപ്പാദിപ്പിക്കുന്നത് അന്യ സംസ്ഥാനങ്ങളിലാണെങ്കിലും കൂടുതൽ വിറ്റഴിക്കുന്നത് കേരളത്തിലാണ്. വിലക്കയറ്റം കമ്പനികളുടെ തന്ത്രമാണോയെന്നും കർഷകർ സംശയിക്കുന്നുണ്ട്. കോഴിക്കർഷകർ കമ്പനികളുടെ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വിലയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ അവർ തയ്യാറായിട്ടില്ല..കേരള സർക്കാർ കൂടുതലായി തങ്ങളുടെ പ്രശ്നത്തിൽ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

കർണാടകയും തമിഴ്‌നാടുമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോഴിക്കൃഷിയെ കൃഷിയിൽ ഉൾപ്പെടുത്തിയതിനാൽ അവർക്കൊത്തിരി ആനുകൂല്യങ്ങൾ ലഭിക്കുണ്ട്. കോഴിത്തീറ്റയിൽ വിലക്കുറവുള്ളതും വൈദ്യുതി ചാർജില്ലാത്തതും അവിടുത്തെ കർഷകർക്ക് ആശ്വാസമാണ്. കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. സർക്കാർ കാര്യമായിട്ട് കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്തത് ദൗർഭാഗ്യകാരമാണെന്നാണ് കർഷകരുടെ നിലപാട്. കോഴിക്കൃഷി കൃഷിയിലുൾപ്പെടുത്തിയുള്ള പ്രഖ്യാപനങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വന്നെങ്കിലും അതിപ്പോഴും പ്രാവർത്തികമാക്കിയിട്ടില്ല. മറ്റു കർഷകർക്ക് പല തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും കോഴിക്കർഷകർക്ക് ദുരിതങ്ങൾ മാത്രമാണുള്ളത്.

ത്യശൂരിൽ കെപ്കോയുടെ കമ്പനി തുറന്നെങ്കിലും ഉത്പാദനം ഇതുവരെ തുടങ്ങിയിട്ടില്ല. സംസ്ഥാനത്ത് ബി.വി. 380 ഇനം കോഴികളെയാണ് മുട്ടയ്ക്കായി വളർത്തുന്നത്. തീറ്റ കൃത്യമായി ലഭിച്ചില്ലെങ്കിൽ മുട്ട ഉത്പാദനത്തെ സാരമായി ബാധിക്കുമെന്നും കർഷകർ മുന്നറിയിപ്പ് നൽകുന്നു.