ഗർഭിണിക്ക് ചികിത്സ നിഷേധിച്ച വിഷയത്തിൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്‌ച്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

Crime Health Keralam News

തിരുവനന്തപുരം: മരിച്ച ഗർഭസ്ഥ ശിശുവുമായി വന്ന ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് സംഭവത്തിൽ രണ്ട് സർക്കാർ ആശുപത്രിയുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. എസ് എ എടിയിലേക്ക് യുവതി എത്തിയിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിലുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് കൊല്ലം ഡിഎംഒ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇത് കണ്ടെത്തിയത്.

യുവതിയെ ആദ്യം കൊണ്ടുവന്നത് നെടുങ്ങോലം ആശുപത്രിയിലേക്കായിരുന്നു. എന്നാൽ ഇവിടെ വേണ്ടത്ര സൗകര്യങ്ങളും സംവിധാനങ്ങളും ഇല്ലാത്തതിനാൽ ഗവ. വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇത് പ്രകാരം പതിനൊന്നാം തീയ്യതി വൈകുന്നേരം വിക്ടോറിയ ആശുപത്രിയിൽ യുവതിയും ഭർത്താവും എത്തിയെങ്കിലും ഒൻപതു മണി ആയപ്പോഴേക്കും ഇരുവരും അവിടെ നിന്നും ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ അമ്മയും ആദ്യത്തെ കുട്ടിയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണെന്നും അവിടേക്ക് പോകണമെന്നും രേഖാമൂലം എഴുതി അധികൃതർക്ക് കൊടുത്തതിനു ശേഷമാണ് ഇവർക്ക് ഡിസ്ചാർജ് അനുവദിച്ചത്.

യുവതി വിക്ടോറിയ ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രസവം അടുത്തിരുന്നുവെന്നും ഗർഭസ്ഥ ശിശുവിന് ചലനമുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഡോക്ടർമാർ നൽകിയ നിർദ്ദേശത്തിന് എതിരെ റഫർ വാങ്ങി മറ്റൊരിടത്തേക്ക് പോകുന്നുവെന്ന് എഴുതി കൊടുത്തതിനാൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയതായി കണക്കാക്കാനാവില്ല. ഇത് കൂടാതെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ യുവതി എത്തുന്നത് പതിനഞ്ചാം തീയ്യതിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.