ഡി.സി.സി പട്ടിക; പരസ്യപ്രതികരണം നടത്തിയവർക്ക് കാരണം കാണിക്കൽ നോട്ടീസ്

Keralam News Politics

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവിട്ടതിനു ശേഷം പാർട്ടിക്കെതിരെയും പട്ടിക ഉണ്ടാക്കിയതിനെതിരെയും പരസ്യമായി പ്രസ്താവന നടത്തിയ കെപിസിസിയുടെ മുൻ ജനറൽ സെക്രട്ടറിമാർക്ക് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളായ കെപി അനിൽ കുമാറിനും കെ.ശിവദാസൻ നായർക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

വിഷയത്തിൽ പരസ്യമായി പ്രതികരിച്ചതിന് ആറു മാസകാലത്തേക്ക് സസ്‌പെന്റ് ചെയ്‌തെന്നും, പ്രതികരണത്തിന് പിന്നിൽ ആവശ്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഏഴ് ദിവസത്തിനകം രേഖാമൂലം അത് സമ്മർപ്പിക്കണം എന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. നിശ്ചയിച്ചിട്ടുള്ള ഏഴ് ദിവസത്തിനകം ഈ വിശദീകരണം നല്കിയിട്ടില്ലെങ്കിൽ തുടർന്നുള്ള നടപടികൾ എടുക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിഷയത്തിൽ ഹൈകമാൻഡ് ഇന്ന് രാവിലെ വിശദീകരണം തേടിയിരുന്നു. ഇതുനു പിന്നാലെയാണ് കെപിസിസി മുൻ സെക്രട്ടറിമാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.