ഇനി ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തി മദ്യം വാങ്ങാം

Keralam News

ബിവറേജസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ മദ്യം വാങ്ങുമ്പോള്‍ ഇനി ഓണ്‍ലൈന്‍ പേയ്‌മെന്റും നടത്താം. ഇഷ്ട ബ്രാന്‍ഡും തിരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തിയ ശേഷം ഇ- രസീതുമായി ഔട്ട്‌ലറ്റുകളില്‍ എത്തിയാല്‍ മതി. പരീക്ഷണാര്‍ത്ഥം തിരുവന്തപുരത്തെ 9 ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ പരീക്ഷണം ആരംഭിച്ചു.

കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ ഔട്ട്‌ലറ്റുകള്‍, ഔട്ട്‌ലറ്റിലുള്ള സ്റ്റോക്കുകള്‍, അവയുടെ വില തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. സൗകര്യാനുസരണം ഔട്ട്‌ലറ്റുകള്‍ തിരഞ്ഞെടുക്കാം. ലഭ്യമാകുന്ന ബ്രാന്‍ഡുകളും അതിന്റെ വിലയും അറിയാന്‍ കഴിയും. അവിടെ നിന്നും ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ശേഷം പോകുന്നത് പേയ്‌മെന്റ് ഗേറ്റ് വേയിലേക്കാണ്.

പേയ്‌മെന്റ് പ്രക്രിയ കഴിഞ്ഞാല്‍ ഫോണില്‍ എസ് എം എസ് ആയി ഇ-രസീത് ലഭിക്കും. അതോടൊപ്പം പണമടച്ച വിവരം ഔട്ട്‌ലറ്റുകളിലും എത്തും. പിന്നേ ആ ദിവസം ഏതു സമയത്ത് വേണമെങ്കിലും എത്തി മദ്യം വാങ്ങാം. ഇ-രസീത് നമ്പറോ ഫോണ്‍ നമ്പറോ നല്‍കിയാല്‍ സൈറ്റില്‍ ഒത്തു നോക്കുന്നതോടെ മദ്യം വാങ്ങി മടങ്ങാം. ഇത്തരത്തില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാകും. ഈ സംവിധാനം സമയം ലാഭിക്കുന്നതിനും തിരക്ക് കുറയുന്നതിനും കാരണമാകും എന്നാണ് ബെവ്‌കോയുടെ കണക്ക് കൂട്ടല്‍.