ഇലക്ഷന്‍ ഡ്യൂട്ടിക്ക് ബസുകള്‍ക്ക് വാടക കുറവ്; പ്രതിഷേധവുമായി ബസ് ഉടമകള്‍

Keralam News

കൊച്ചി: കഴിഞ്ഞ നിയമസഭാ ഇലക്ഷന് പൊലീസ് സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ സര്‍വീസ് നടത്തിയ ബസുകള്‍ക്ക് തുച്ചമായ വാടക ആണ് അനുവദിച്ചതെന്ന് പരാതി. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോടികള്‍ ഇലക്ഷന്‍ കമ്മീഷന്‍ ചിലവഴിക്കുമ്പോഴും പോലീസിന് വേണ്ടി രാപകല്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ അടിക്കാന്‍ ഉള്ള പണം പോലും വാടക ആയി ലഭിക്കുന്നില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.

ബൂത്തുകളില്‍ പെട്ടിയുമായി പോയ ബസുകള്‍ക്കും ഇതേ അവസ്ഥയാണുള്ളത്. സ്വകാര്യ ബസ് ഉടമകള്‍ നഷ്ടം സഹിച്ചു ഇലക്ഷന്‍ ഡ്യൂട്ടി ചെയ്ത മതി എന്ന നിലപാടില്‍ ആണ് ഇലക്ഷന്‍ കമ്മീഷനുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തു മിനിമം 100 കി.മീ വരെ 5000 രൂപയും പിന്നെ ഓരോ കിലോമീറ്ററിനും 65 രൂപയും ആണ് നല്‍കിയിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മിനിമം 6000 രൂപയും, 100 കി.മീ മുകളില്‍ ഓടിയാല്‍ അധികമായി 1500 രൂപ മാത്രമാണ് ലഭിക്കുക. അതായത് ഒരു ബസ് ഒരു ദിവസം 350 കി.മീ ഓടിയാല്‍ ആ വണ്ടിക്ക് ലഭിക്കുന്ന വാടക 7500 രൂപ മാത്രമാണെന്നും ബസ് ഉടമകള്‍ പറയുന്നു.

കൂടാതെ ഡ്യൂട്ടിക്ക് പോയ ബസുകളിലെ ജീവനക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ ഉള്ള അവകാശം പോലും നിഷേധിക്കുന്ന രീതിയിലായിരുന്നു കമ്മീഷന്‍ പെരുമാറിയത്. ഈ രീതിയില്‍ തുടര്‍ന്നാല്‍ ഇനി ബസുകള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നല്‍കുകയില്ല എന്ന് ഉടമകള്‍ വ്യക്തമാക്കി. ഒന്നാം ഘട്ട ലോക് ഡൗണ്‍ കഴിഞ്ഞു ബസുകള്‍ പുറത്തിറങ്ങിയത് തന്നെ ഉടമകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ആണ് വരുത്തിവെച്ചത്. തൊട്ടു പിന്നാലെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ കൂടി വന്നതോടെ ബസ് ഉടമകളും ജീവനക്കാരും വലിയ സമ്പത്തിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇലക്ഷന്‍ കഴിഞ്ഞു 2 മാസം കഴിഞ്ഞിട്ടും വാടക നല്‍കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ലെന്നും ഉടമകള്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇലക്ഷന്‍ കഴിഞ്ഞു പോവുന്ന മുറക്ക് തന്നെ വേതനം ലഭിക്കുമ്പോള്‍ പട്ടിണി പാവങ്ങള്‍ ആയ ജീവനക്കാര്‍ക്ക് 2 ദിവസത്തെ ബാറ്റ പോലും നല്‍കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല. മാസ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു മാസമായി വരുമാനം ഇല്ലാതെ കഴിയുന്ന ബസ് ഉടമകളുടേയും ജീവനക്കാരുടേയും വിഷമം മനസിലാവുന്നില്ലെന്നും ബസ് ഉടമകള്‍ കുറ്റപ്പെടുത്തി.

ബസ് ഉടമകളുടെയും ജീവനക്കാരുടേയും കുടുംബങ്ങളെ പട്ടിണി മരണത്തിലേക്ക് തള്ളി വിടുന്ന ഉദ്യോഗസ്ഥരുടെ നയം അവസാനിപ്പിക്കണമെന്നും ഈ വിഷയത്തില്‍ അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്നും ഓള്‍ കേരള ബസ് ഒപ്പറേറ്റര്‍സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം സെക്രട്ടറി വാക്കിയത് കോയ ആവശ്യപ്പെട്ടു.