അടുത്ത സിപിഎം പാർട്ടി കോൺ​ഗ്രസിന് കണ്ണൂർ വേദിയാകും

India News Politics

ദില്ലി: വരാനിരിക്കുന്ന സിപിഎം പാർട്ടി കോൺ​ഗ്രസ് കണ്ണൂരിൽ വെച്ച് നടത്താൻ തീരുമാനമായി. ഇന്ന് ദില്ലിയിൽ വെച്ച് നടന്ന സിപിഎം കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലാണ് അടുത്ത വർഷത്തെ പാർട്ടി കോൺ​ഗ്രസിന്റെ വേദി തീരുമാനിച്ചത്. കോവിഡ് മൂന്നാം തരംഗം വന്നാൽ സാഹചര്യം മോശമാകുമോ എന്ന ആശങ്ക പാർട്ടിയുടെ നേതൃത്വത്തിനുണ്ടെങ്കിലും ആ അവസ്ഥയിൽ ഉചിതമായ മാറ്റങ്ങൾ എടുക്കാമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലും ബംഗാളിലും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി വിലയിരുത്തി. അടുത്ത ത്രിപുര തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. കേരളത്തിൽ ഈ വർഷം നടത്തിയ പരിഷ്‌ക്കാരമാറ്റങ്ങളും കേന്ദ്രക്കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.

എന്നാൽ ബം​ഗാൾ ഘടകം പശ്ചിമബം​ഗാളിൽ നടപ്പിലാക്കിയ തീരുമാനങ്ങളിലും രാഷ്ട്രീയപരമായ നയങ്ങളിലും കമ്മിറ്റിയിൽ ആരോപണങ്ങൾ ഉയർന്നു. കോൺഗ്രസിനോട് സഖ്യമുണ്ടാക്കിയതിനെയാണ് പലരും വിമർശിച്ചത്. ഇവിടെ പാർട്ടിക്ക് മടങ്ങിവരാൻ വേണ്ട നടപടികൾ ചർച്ച ചെയ്യണമെന്നും ചിലർ നിർദേശിച്ചിട്ടുണ്ട്.

കേരളത്തിൽ പാർട്ടി കോൺ​ഗ്രസ് നടത്തിയിട്ട് ഒൻപതു വർഷത്തോളമായി. പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സ് കോഴിക്കോട് വെച്ചായിരുന്നു നടന്നിരുന്നത്. പാർട്ടി കോൺ​ഗ്രസിന് മുൻപ് നടത്തുന്ന സമ്മേളനങ്ങൾ എല്ലാ വർഷത്തെയും പോലെ നടത്തുമെന്നും കോവിഡ് നിയന്ത്രണങ്ങൾ കൂടിയ പ്രദേശങ്ങളിൽ മാത്രം വിർച്ച്വൽ രീതിയിൽ സമ്മേളനങ്ങൾ നടത്തുമെന്നും പാർട്ടി നേതൃത്വങ്ങൾ പറയുന്നുണ്ട്.