അന്ധതയെ തോല്‍പ്പിച്ച് മഅദിന്‍ പൂര്‍വ വിദ്യാര്‍ത്ഥി നാസിഹ് അദനിക്ക് ജെ ആര്‍ എഫ് നേട്ടം

Education News

മലപ്പുറം : അന്ധതയുടെ അതിര്‍വരമ്പിനെ ഭേദിച്ച് മഅദിന്‍ ദഅവാ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി നാസിഹ് അദനിക്ക് സ്വപ്ന നേട്ടം. യു.ജി.സി നെറ്റ് എക്‌സാമിലാണ് ജെ ആര്‍ എഫ് ഫെലേഷിപ്പോടെ മികച്ച വിജയം നേടാനായത്. എസ്.എസ്.എല്‍. സി വിദ്യാഭ്യാസത്തിന് ശേഷം മഅദിന്‍ അക്കാദമിയില്‍ ചേര്‍ന്ന നാസിഹിന് അക്കാദമിക്ക് പിന്തുണ നല്‍കിയത് മഅദിന്‍ ഏബ്ള്‍ വേള്‍ഡായിരുന്നു. ഇംഗ്ലീഷ്, അറബി, ഉറുദു, മലയാളം തുടങ്ങി ഭാഷകളില്‍ നല്ല പ്രാവീണ്യമുണ്ട്. പ്രസംഗം, എഴുത്ത് മേഖലയിലും ശോഭിക്കാനായി. കാഴ്ച്ചയെ പരിമിതിയായി സമീപിക്കുന്നതിന് പകരം ശാസ്ത്രീയമായ പഠന രീതിയാണ് മഅദിന്‍ ഏബ്ള്‍ വേള്‍ഡ് മുന്നോട്ട് വെക്കുന്നത്. ഒമ്പത് വര്‍ഷത്തെ ദഅവ സമന്വയ വിദ്യാഭ്യാസത്തിലൂടെ മത വിദ്യാഭ്യാസത്തിലും നാസിഹിന് മികവ് പുലര്‍ത്താനായി. മഅദിന്‍ പഠനത്തിന് ശേഷം കര്‍മശാസ്ത്രത്തിലെ ഉപരിപഠനത്തിനായി മര്‍കസില്‍ ചേര്‍ന്നു. ഇന്ത്യന്‍ പശ്ചാത്തലത്തിലെ സാമൂഹിക മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഗവേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് നാസിഹ് ഉദ്ദേശിക്കുന്നത്. മതാധ്യാപനത്തോടൊപ്പം കോളേജ് ലക്ചറാവുകയാണ് ആഗ്രഹം. കണ്ണമംഗലം സ്വദേശി അബ്ദുന്നാസര്‍ – സ്വഫിയ ദമ്പതികളുടെ മകനാണ്. നേരത്തെ മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥികളില്‍ കാഴച പരിമിതരായ റുഫൈദ, ജലാലുദ്ദീന്‍ അദനി, മുര്‍ഷിദ് എന്നിവര്‍ ജെ ആര്‍ എഫ് കരസ്ഥമാക്കിയിരുന്നു. മികച്ച നേട്ടം കൈവരിച്ച നാസിഹ് അദനിയെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.