ഐഐടികളിൽ പഠനം നിർത്തുന്നവരിലേറെയും സംവരണവിഭാഗ വിദ്യാർഥികൾ

Education India News

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഐഐടികളില്‍ നിന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പഠനം നിർത്തി പോയവരിൽ 60 ശതമാനവും സംവരണ വിഭാഗത്തിലുള്ള വിദ്യാര്‍ഥികൾ. ഗുവാഹത്തി ഐഐടിയില്‍നിന്ന് കഴിഞ്ഞ അഞ്ചു വരഷത്തിനിടെ ബിരുദപഠനം പൂര്‍ത്തിയാക്കാനാകാതെ പോയ 25 വിദ്യാർത്ഥികളിൽ 88 ശതമാനവും സംവരണവിഭാ​ഗത്തിൽ നിന്നുള്ളവരാണ്. ഡോ. വി ശിവദാസന് രാജ്യസഭയിൽ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നൽകിയ മറുപടിയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഗുവാഹത്തി ഐഐടിയിലെ പഠനം അവസാനിപ്പിച്ചവരിൽ 75 ശതമാനവും പട്ടികവിഭാഗം വിദ്യാർത്ഥികളാണ് എന്നതാണ് മറ്റൊരു വസ്തുത. ഇതേ കാലയളവിൽ മദ്രാസ് ഐഐടിയിൽ നിന്നും പഠനം നിർത്തി പോയവരിൽ 70 ശതമാനവും സംവരണവിഭാഗക്കാരാണ്. 2018ല്‍ മാത്രം ഡല്‍ഹി ഐഐടിയിൽ നിന്ന് ബിരുദ പഠനം അവസാനിപ്പിച്ചത് 10 സംവരണവിഭാഗം വിദ്യാർത്ഥികളാണ്.

സാമ്പത്തികപരമായ കാരണങ്ങളാലും വിവേചനകൾ കൊണ്ടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പട്ടികജാതി, ആദിവാസി, ഇതര പിന്നോക്കവിഭാഗം വിദ്യാർത്ഥികൾ പഠനം അവസാനിപ്പിക്കുണ്ടെന്ന പരാതികൾ യഥാർത്ഥമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.