മലപ്പുറം ജില്ലയില്‍ പോലീസിന്റെ വ്യാപക പരിശോധന; 300ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Breaking Crime Local News

മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറക്കുന്നതിനായി പുതുതായി ചാര്‍ജെടുത്ത മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്നു പോലീസ് വ്യാപകമായി പ്രത്യേക പരിശോധന നടത്തി. പരിശോധനയില്‍ വിവിധ കുറ്റകൃതങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന നിരവധി കുറ്റവാളികളെ പിടികൂടി. പരിശോധനയില്‍ 300ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നിരവധി മയക്കുമരുന്ന്, ലഹരിവില്‍പ്പനക്കാര്‍, അനധികൃത മദ്യവില്‍പനക്കാര്‍ എന്നിവരും വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളായ നിരവധി പേരും പോലീസ് പിടിയിലായി.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഭാഗത്ത് പാന്റ്‌സിലും സോക്‌സിലുമായി അനധികൃതമായി കടത്തിയ 1,059 ഗ്രാം, 1,101 ഗ്രാം സ്വര്‍ണ മിശ്രിതവുമായി രണ്ടു പേരെ പിടികൂടുകയും കൂടാതെ എയര്‍പോര്‍ട്ട് പരിസരത്ത് അനധികൃതമായി വിദേശ കറന്‍സി വിനിമയം നടത്തിയ ഒരാളില്‍ നിന്ന് 11,950 രൂപ പിടികൂടുകയും താനൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ 3,44,600 രൂപയുടെ കുഴല്‍ പണം കടത്തിയ ഒരാളെ പിടികൂടുകയും ചെയ്തു.
പോലീസിന്റെ ആസൂത്രിതമായ പരിശോധനയില്‍ മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് 34 എന്‍ ഡി പി എസ് കേസുകളും 71 അബ്കാരി കേസുകളും അനധികൃത ഒറ്റ അക്ക നമ്പര്‍ ലോട്ടറി കേസുകളും രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
ജില്ലയിലെ അതിര്‍ത്തികളും പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് 4460 വാഹനങ്ങള്‍ പരിശോധിച്ചതില്‍ രേഖകളില്ലാത്ത
168 വാഹനങ്ങള്‍ക്കെതിരെയും രൂപം മാറ്റിയ 14 വഹനങ്ങള്‍ക്കെതിരെയും ലൈസന്‍സില്ലാത്ത 81 വാഹനങ്ങള്‍ക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ച 43 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വാഹന പരിശോധനയില്‍ 4,97,000 രൂപ പിഴ അടപ്പിച്ചു. രാത്രിയില്‍ അനാവശ്യമായി ചുറ്റിക്കറങ്ങിയ പലരും പോലീസ് പിടിയിലാവുകയും അവര്‍ക്കെതിരെ പെറ്റിക്കേസുകള്‍
ചുമത്തുകയും ചെയ്തു. കൊണ്ടോട്ടി അരിമ്പ്രയിലെ അനധികൃത ക്വാറിയില്‍ നിന്നു ഷോക് ട്യൂബുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഹിറ്റാച്ചികളും കംപ്രസറുകളും പിടികൂടി. പെരിന്തല്‍മണ്ണ ചിരട്ടാമലയിലെ അനധികൃത ചെങ്കല്‍ ക്വാറിയില്‍ നിന്നു11 ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്ത്രി യന്ത്രവും പിടികൂടി. തിരൂര്‍, കുറ്റിപ്പുറം എന്നീ സ്‌റ്റേഷനുകളില്‍ അനധികൃത മണല്‍കടത്ത് നടത്തിയ ടിപ്പര്‍ ലോറികളും പിടികൂടി.
ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഡി വൈ എസ് പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, എസ്‌ഐ മാര്‍ ഉള്‍പ്പെടെയുള്ള വന്‍ സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പോലീസ് പരിശോധന നടത്തിയത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തുടര്‍ന്നും ഇത്തരത്തിലുള്ള പരിശോധനകള്‍ ഉണ്ടായിരിക്കുമെന്നു എസ്പി അറിയിച്ചു.