ഭിന്നശേഷിക്കാരനായ 16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ബീഹാര്‍ സ്വദേശി അറസ്റ്റില്‍

Crime Local News

എടക്കര: ഭിന്നശേഷിക്കാരനായ 16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. അതിഥി തൊഴിലാളികളുടെ ഭിന്നശേഷിക്കാരനായ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ബീഹാര്‍ സ്വദേശിയെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷമായി ചുങ്കത്തറയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി അജിത്കുമാറി(26) നെയാണ് എടക്കര സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ബി ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിനാണ് സംഭവം. ചുങ്കത്തറയില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന
പതിനാറുവയസുകാരനെ പ്രതി താമസിക്കുന്ന ചുങ്കത്തറയിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വീട്ടില്‍ തിരികയെത്തിയ കുട്ടി മാനസിക അസ്വസ്ഥതകള്‍ പ്രകടമാക്കിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടര്‍ന്നിവര്‍ എടക്കര പോലീസില്‍ പരാതി
നല്‍കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ബി ഷൈജുവിന് പുറമെ സിപിഒമാരായ രാജന്‍ തോമസ്, സുജിത്കുമാര്‍, ശ്രീജ, സാബിറലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.