ലഹരി കടത്ത് കേസിലെ കുപ്രസിദ്ധ കുറ്റവാളി കാപ്പ ചുമത്തി അറസ്റ്റില്‍

Crime News

മലപ്പുറം: ലഹരി കടത്ത് കേസിലെ കുപ്രസിദ്ധ കുറ്റവാളി കാപ്പ ചുമത്തി അറസ്റ്റില്‍.മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി കടത്ത് കേസുകളിലും, മോഷണ കേസുകളിലും പ്രതിയായ ആളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ കുറ്റവാളി പൊന്നാനി ഈശ്വരമംഗലം ഗുലാബ് നഗര്‍ സ്വദേശി തുറക്കല്‍ വീട്ടില്‍ അലി മകന്‍ അഷ്‌ക്കര്‍ അലി (36)നെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്.സുജിത്ത് ദാസിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം ജില്ല കളക്ടര്‍ പ്രേം കുമാറിന്റെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. അഷ്‌ക്കര്‍ അലിക്കെതിരെ രജിസ്റ്റര്‍ ചെയ്ത അവസാന കേസില്‍ വലിയ അളവില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ രണ്ട് മാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങിയത്. പൊന്നാനി, കുറ്റിപ്പുറം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ പ്രദേശങ്ങളിലായി മയക്കുമരുന്നായ കഞ്ചാവ്, ഹാഷിഷ് ഓയില്‍ എന്നിവ വില്‍പ്പന നടത്തുക, കവര്‍ച്ച, സ്ത്രീകളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക, മാരകായുധങ്ങള്‍ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ അഷ്‌ക്കര്‍ അലി ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരില്‍ പ്രധാനിയാണ്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂര്‍ സെട്രല്‍ ജയിലില്‍ ഹാജരാക്കി തടങ്കലിലാക്കി. 6 മാസത്തേക്കാണ് തടവ്. ലഹരിമാഫിയയില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലയില്‍ ഈ വര്‍ഷം നിരവധി കേസ്സുകളില്‍ പ്രതികളായിട്ടുള്ള 8 പേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും, 25 പേരെ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പൊന്നാനി സബ് ഇന്‍സ്പക്ടര്‍ നവീന്‍ ഷാജ് ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്