മലപ്പുറം കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ അതിഥി തൊഴിലാളിയുടെ മൃതദേഹം തങ്ങള്‍ക്ക് കാണേണ്ടെന്നു ബീഹാറിലെ വീട്ടുകാര്‍

Crime Local News

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ അതിഥി തൊഴിലാളിയുടെ മൃതദേഹം തങ്ങള്‍ക്ക് കാണേണ്ടെന്നു ബീഹാറിലെ വീട്ടുകാര്‍. അവസനം കോഴിക്കോട് സംസ്‌കരിച്ചു. ബീഹാര്‍ ചമ്പാരന്‍ ജില്ലയിലെ മാധവ് നഗറില്‍ സൗന്ദര്‍ മാഞ്ചി മകന്‍ രാജേഷ് മാഞ്ചിയാണ് (36) ആള്‍ക്കൂട്ട അക്രമണത്തെ തുടര്‍ന്ന് മരിച്ചത്. കേരളത്തിലുള്ള മാഞ്ചിയുടെ പിതൃസഹോദരനും നാട്ടുകാരും മെഡിക്കല്‍ കോളേജില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ബീഹാറിലുള്ള വീട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് തങ്ങള്‍ക്ക് മൃതദേഹം കാണേണ്ടെന്നു ഇവര്‍ പറഞ്ഞത്.
പട്ടാമ്പിയില്‍ ജോലി ചെയ്തിരുന്ന രാജേഷ് മാഞ്ചി രണ്ട് ദിവസം മുമ്പാണ് കിഴിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസമാക്കിയത്. കോഴിഫാമിലെ ജോലിക്കായാണ് അദ്ദേഹം ഇവിടെ എത്തിയത്. ഇയാളെ അക്രമിച്ചുകൊലപ്പെടുത്തിയ കേസില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്തെ നിരീക്ഷണ കാമറകളും പ്രതികളുടെ മൊബൈലും പരിശോധിച്ചതില്‍ രമേശ് മാഞ്ചി മരക്കൊമ്പുകള്‍ കൊണ്ടും പ്ലാസ്റ്റിക് പൈപ്പുകള്‍ കൊണ്ടും അടിയേല്‍ക്കുന്നതായി വ്യക്തമായിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ കിഴിശ്ശേരി-തവനൂര്‍ റോഡിലെ ഒന്നാംമൈലിലായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികിലെ വീട്ടുപരിസരത്ത് നിന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി കള്ളനാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
കൈകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് പൈപ്പും മരക്കൊമ്പും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പുലര്‍ച്ചെ 12 മുതല്‍ 2.30 വരെ മര്‍ദ്ദനം തുടര്‍ന്നു. അനക്കമില്ലാതായതോടെ 50 മീറ്റര്‍ അകലെയുള്ള അങ്ങാടിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് 300 മീറ്റര്‍ അകലെയുള്ള വീട്ടുപരിസരത്ത് നിന്ന് അവശനിലയില്‍ കണ്ടെത്തിയ രാജേഷിനെ പൊലീസെത്തി കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി.

ശരീരത്തിലുടനീളം പരിക്കുകളേറ്റിരുന്നു. വാരിയെല്ലുകളടക്കം തകര്‍ന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മോഷണശ്രമത്തിനിടെ മരത്തിന്റെ മുകളില്‍ നിന്ന് വീണെന്നായിരുന്നു പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നത് . പരിക്കുകളുടെ സ്വഭാവം കണ്ട് മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് വെളിവായത്. ഒരാളെ വിട്ടയച്ചു. തെളിവ് നശിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. രണ്ട് പ്രതികളുടെ ഫോണില്‍ നിന്ന് സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളില്‍ ചിലരുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ നശിപ്പിച്ചത് വീണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണ്.
പഴുതടച്ച അന്വേഷണത്തിനായി 10അംഗ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ തവനൂര്‍ സ്വദേശികളായ തേര്‍തൊടിയില്‍ അബ്ദുസമദ് (38) പേങ്ങാട്ടില്‍ നാസര്‍ (41), ചെവിട്ടാണിപ്പറമ്പത്ത് ടി. ഹബീബ് (36) വെരുവള്ളിപ്പിലാക്കല്‍ മഹബൂബ് (32) സഹോദരങ്ങളായ തവനൂര്‍ വെരുവള്ളി പിലാക്കല്‍ ഡി ടി ശറഫുദ്ദീന്‍ (43),
ഫാസില്‍ (37), അഫ്‌സല്‍ (34), കടുങ്ങല്ലൂര്‍ ചെമ്രക്കാട്ടൂര്‍ പാലത്തിങ്ങല്‍ അയ്യൂബ് (40) എന്നിവരാണ് അറസ്റ്റിലായത്.
തെളിവ് നശിപ്പിച്ചതിന് സൈനുല്‍ ആബിദ് എന്ന ഒരു പ്രതി പിടിയിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു.