ഏഴുവയസ്സുകാരന് പീഡനം : പ്രതിക്ക് തടവും പിഴയും;

Crime Keralam News

മഞ്ചേരി : ഏഴുവയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ സംഭവത്തില്‍ പ്രതിക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) തടവും പിഴയും ശിക്ഷ വിധിച്ചു. കല്പകഞ്ചേരി പത്തായക്കല്ല് മരവട്ടം കൊളക്കമ്പാറ അബ്ദുള്ള എന്ന ഖാദര്‍ (48)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. ഒരു വര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക തടവ് അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം. 2006 ഒക്‌ടോബര്‍ 12നാണ് കേസിന്നാസ്പദമായ സംഭവം. മുന്തിരിയും ആപ്പിളും നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 11 സാക്ഷികളില്‍ ഒമ്പതു പേരെ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു കോടതി മുമ്പാകെ വിസ്തരിച്ചു. എസ്‌സിപിഒ സബിത ഓളക്കല്‍ ആയിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈയ്‌സണ്‍ ഓഫീസര്‍. കല്പകഞ്ചേരി എസ് ഐ ആയിരുന്ന എം മുഹമ്മദ് ഹനീഫയാണ് കേസന്വേഷണം നടത്തിയത്.