വൈക്കത്ത് നിന്നും കിട്ടിയ അസ്ഥികൂടത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി

Crime Keralam News

കോട്ടയം: വൈക്കം ചെമ്മനത്തുകരയില്‍ മത്സ്യക്കുളത്തിനു വേണ്ടി നിലം കുഴിക്കുന്നതിനിടയിൽ കണ്ട അസ്ഥിക്കൂടത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. അസ്ഥിക്കൂടം കിട്ടിയ സ്ഥലത്തു വിശദമായി നടത്തിയ പരിശോധനയിലാണ് അഞ്ചടി താഴ്ചയില്‍ നിന്നും മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങൾ കൂടെ കണ്ടെത്തിയത്. അടുത്തിറങ്ങിയ ചില ചിത്രങ്ങളിലെ രംഗങ്ങളോട് സാമ്യമുള്ള രീതിയിലായിരുന്നു അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടുപിടിച്ചത്.

കൂടുതൽ പരിശോധനയ്ക്കായി ലഭിച്ച അസ്ഥിക്കൂടം ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്നുമുള്ള ശാസ്ത്രീയമായ പരിശോധനയിലൂടെ മൃതദേഹത്തിന്‍റെ കാലപ്പഴക്കവും ലിംഗ നിര്‍ണയയും കണ്ടെത്താനാവും. ഇതിനോടൊപ്പം വർഷങ്ങൾക്കു മുൻപ് കാണാതെ പോയവരുടെ ഒരു പട്ടികയും പോലീസ് തയ്യാറാക്കുന്നുണ്ട്. മൃതദേഹത്തിന്റെ കാലപ്പഴക്കവും ആ കാലത്ത് കാണാതായവരുടെ പട്ടികയും വെച്ച് മരിച്ചയാളെ കണ്ടുപിടിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. വൈക്കം ഡിവൈഎസ്പി എ ജെ തോംസണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഏറെക്കാലമായി പായലും പുല്ലും കൊണ്ട് നിറഞ്ഞ സ്ഥലത്തു നിന്നുമാണ് അസ്ഥികൂടം ലഭിച്ചത്. പ്രളയ സമയത്ത് അടുത്തുള്ള ആറ്റിൽ നിന്നും വെള്ളം ഇങ്ങോട്ട് കയറിയിരുന്നതിനാൽ അവിടെ നിന്നും ഒഴുകി വന്ന മൃതദേഹം ഈ ചതുപ്പിൽ കുടുങ്ങിയതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.