ലാപ്‌ടോപ്പിന്റെയും എയര്‍പാഡിന്റേയും ബാറ്ററിക്കുള്ളിലും സ്വര്‍ണം:65ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ മൂന്നുപേര്‍ പിടിയില്‍

Breaking Crime Local News

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്തിന്റെ വ്യത്യസ്ത രീതികള്‍. ഇന്നു രാവിലെ ദുബായില്‍നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നുമായി ലാപ്‌ടോപിന്റെയും എയര്‍പാഡിന്റെയും ബാറ്ററികളുടെ ഭാഗത്തും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചുവച്ചു കൊണ്ടുവന്ന ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന 1.2 കിലോയോളം സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ കാസറഗോഡ് സ്വദേശികളായ കളത്തൂര്‍ മുഹമ്മദില്‍ (44)നിന്നും തൈവളപ്പില്‍ മാഹിന്‍ അബ്ദുല്‍ റഹ്മാനില്‍(51) നിന്നുമാണ് എയര്‍പാഡുകളുടെ ബാറ്ററികളുടെ ഭാഗത്തു ഒളിപ്പിച്ചുവച്ചിരുന്ന ചെറിയ സ്വര്‍ണ കഷണങ്ങളും ലാപ്‌ടോപ്പുകളുടെ ബാറ്ററികളുടെ ഭാഗത്തു പാളികളുടെ രൂപത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന സ്വര്‍ണവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മുഹമ്മദ് കൊണ്ടുവന്ന മൂന്നു ലാപ്‌ടോപ്പുകളില്‍നിന്നും രണ്ടു എയര്‍പോഡുകളില്‍ നിന്നുമായി ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന 95 ഗ്രാം തങ്കവും മാഹിന്‍ കൊണ്ടുവന്ന ഒരു ലാപ്‌ടോപ്പില്‍ നിന്നും ഒരു എയര്‍പോഡില്‍ നിന്നുമായി ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന 34 ഗ്രാം തങ്കവുമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ എത്തിയ മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ പന്തലൂക്കാരന്‍ ആഷിഖില്‍ (26) നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന ഏകദേശം 58 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ 1168 ഗ്രാം തൂക്കമുള്ള നാലു ക്യാപ്‌സൂളുകളാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഈ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം ആഷിഖിന്റെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണ്. ആശിഖിനു കള്ളക്കടത്തു സംഘം പ്രതിഫലമായി 80000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്.