20ജോഡികള്‍ക്കു മംഗല്യ സൗഭാഗ്യമൊരുക്കി ഒരു പൂര്‍വ്വവിദ്യാര്‍ഥി സംഘടന

Videos

മലപ്പുറം: 20ജോഡികള്‍ക്കു മംഗല്യ സൗഭാഗ്യമൊരുക്കി ഒരു പൂര്‍വ്വവിദ്യാര്‍ഥി സംഘടന. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്ഫോജ്ന റിയാദ് കമ്മറ്റിയുടെ തണലിലാണ് തെരഞ്ഞെടുക്കപ്പെട്ട 20 വധു വരന്‍മാര്‍ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. വേങ്ങൂര്‍ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടന്ന വിദാദ് 23 സമൂഹ വിവാഹത്തില്‍ മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം, നീലഗിരി ജില്ലകളില്‍ നിന്നും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന 18 മുസ്ലിം യുവതികളും രണ്ട് ഹൈന്ദവ യുവതികളുമാണ് ജീവിത പങ്കാളികളെ കണ്ടെത്തി മംഗല്യ സ്വപ്നങ്ങള്‍ക്ക് മധുര സാക്ഷാത്കാരം കുറിച്ചത്.

സഫ മക്ക റിയാദ്, ശിഫ അല്‍ ജസീറ യു.എ.ഇ എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത സമൂഹ വിവാഹത്തില്‍ വധുവിന് 10 പവന്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രവും, വരന് മഹ്‌റായി ഒരു പവന്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രവും നല്‍കി. ആയിരക്കണക്കിന് ആളുകള്‍ നവവദൂവരന്മാര്‍ക്ക് അനുഗ്രഹവുമായി വിവാഹത്തിന് സാക്ഷികളാകാനെത്തി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅഃ കെ.ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഏലംകുളം ബാപ്പു മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, അഡ്വ. നാലകത്ത് സൂപ്പി, ഷാജി അരിപ്ര, വി ശശികുമാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ബശീര്‍ ഫൈസി ചെരക്കാപറമ്പ് , സുലൈമാന്‍ ഫൈസി, സംസാരിച്ചു.

നികാഹ് കര്‍മ്മത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ശൈഖുല്‍ ജാമിഅഃ കെ.ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ഫൈസി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അലവി ഫൈസി കുളപ്പറമ്പ്, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, അബ്ദുല്‍ കരീം ഫൈസി, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹൈന്ദവ വിവാഹ ചടങ്ങുകള്‍ക്ക് മണികണ്ഠ ശര്‍മ്മ കാര്‍മികത്വംവഹിച്ചു.