കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് പത്തൊമ്പതുകാരന് ദാരുണാന്ത്യം

Local News

കോഴിക്കോട്: വെസ്റ്റ് ഹില്ലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് പത്തൊമ്പതുകാരന് ദാരുണാന്ത്യം. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലേര്‍മല സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തായിരുന്നു അപകടം നടന്നത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ മണികണ്ഠന്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ബൈക്ക് ബസിനടിയിലേക്ക് പോയി.

അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ബസിനടിയില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മണികണ്ഠന്റെ ജീവൻ രക്ഷിക്കാനായില്ല.