കണ്ണൂരിൽ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് കസ്റ്റഡിയിൽ

Crime Keralam News

കണ്ണൂര്‍: മദ്യലഹരിയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ്‌ പിടിയിൽ. കണ്ണൂര്‍ സ്വദേശിയായ ഷൈജേഷിനെയാണ് ചക്കരക്കല്‍ പോലീസ് പിടികൂടിയത്.

പനയത്താം പറമ്പ് സ്വദേശിയും പ്രതിയുടെ ഭാര്യയുമായ പ്രമ്യയെ വ്യാഴാഴ്ച വൈകിട്ടാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യപിച്ചെത്തിയ ഷൈജേഷ് ഭാര്യയുമായി വഴക്കിടുകയും അരയില്‍ ഒളിപ്പിച്ചിരുന്ന കത്തികൊണ്ട് കഴുത്തിന് വെട്ടിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്നാണ് പ്രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കൊലപാതക ശ്രമത്തിന് ശേഷം മുങ്ങിയ പ്രതിയെ വെള്ളിയാഴ്ച അതിരാവിലെ കൊയിലാണ്ടി ബസ്സ്റ്റാന്‍ഡില്‍വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.

ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.