കേരളത്തിൽ നിന്ന് ദുബായിലേക്കൊരു സ്കൂട്ടർ യാത്ര; ഒരു വീട് തന്നെ സ്കൂട്ടറിൽ ഒരുക്കി യുവാക്കൾ

Food & Travel Keralam News

ഇരിട്ടി: ഒരു വീട്ടിലുള്ള മുഴുവൻ സൗകര്യങ്ങളും ഒരു സ്കൂട്ടറിൽ തയ്യാറാക്കി കേരളത്തിൽ നിന്നും ദുബായിലേക്ക് യാത്രതിരിച്ച് രണ്ട് യുവാക്കൾ. അഫ്‌സലും ബിലാലുമാണ് 2000 മോഡല്‍ ചേതക് സ്കൂട്ടറിൽ മൈലുകൾ താണ്ടിയുള്ള യാത്രയ്‌ക്കൊരുങ്ങിയത്.

സ്കൂട്ടറിന്റെ പിന്നിലുള്ള ഐസ് ബോക്‌സില്‍ ഒരു വീട്ടിലുള്ള മുഴുവൻ സൗകര്യങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട് എന്നതാണ് വലിയ പ്രത്യേകത. കട്ടിൽ, കിടക്ക, അടുപ്പ്,വാട്ടര്‍ ഹീറ്റര്‍, ടോയ്ലറ്റ്, ടിവി, സോളാര്‍ ലൈറ്റ്, ഫ്രിജ്, മൊബൈല്‍ ചാര്‍ജര്‍, പുതപ്പ്, കൂടാരം എന്നിവയെല്ലാം ബോക്‌സിനുള്ളിലുണ്ട്. ഇതോടൊപ്പം വാഹനത്തിൽ ആരെങ്കിലും തൊട്ടാൽ പോലും മനസിലാക്കാനുള്ള അലാറവും സജ്ജമാക്കിയിട്ടുണ്ട്. ഈ ബോക്സിനു പുറത്ത് ഘടിപ്പിച്ചിരിക്കുന്ന സോളര്‍ പാനല്‍ വഴിയാണ് ഇവർക്ക് ആവശ്യമായ വൈദ്യുതി ശേഖരിക്കുന്നത്.

കേരളത്തിൽ നിന്നും മുംബൈയിലേക്കും അവിടെ നിന്നും ദുബായിലേക്കുമാണ് ഇവരുടെ യാത്ര. ഇരുവരും പണ്ട് ദുബായിൽ ജോലി ചെയ്തവരായിരുന്നു. ഇപ്പോൾ നാട്ടിൽ മൊബൈൽ കട നടത്തുന്നതിനിടെയാണ് ഇവരുടെ സ്കൂട്ടറിനെ കൂടെ ദുബായ് കാണിച്ചുകൊടുക്കണമെന്ന് തോന്നിയത്. 15000 രൂപ ചിലവഴിച്ചായിരുന്നു പഴയ 2000 മോഡല്‍ ചേതക് സ്കൂട്ടർ വാങ്ങിയത്. കൈയ്യിൽ ഉണ്ടായിരുന്ന പഴയ ബൈക്കും ഐ ഫോണും വിറ്റു കിട്ടിയ 50000 രൂപ കൊണ്ടാണ് വീടിന്റെ സൗകര്യങ്ങൾ സ്‌കൂട്ടറില്‍ കൊണ്ടുവന്നത്.