ദളിത് യുവതിക്ക് ഭീഷണിയും മാനഹാനിയും : 60കാരന് മൂന്നു വര്‍ഷം തടവും പിഴയും

Local News

മഞ്ചേരി : പട്ടിക വിഭാഗത്തില്‍പ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തുകയും മാനഹാനി വരുത്തുകയും ചെയ്തതിന് 60 കാരനെ മഞ്ചേരി എസ്സി/എസ്ടി സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു. തേഞ്ഞിപ്പലം സ്വദേശി ജയരാജന്‍ നായര്‍ (60)നെയാണ് ജഡ്ജി എം പി ജയരാജ് മൂന്നു വര്‍ഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2019 ഫെബ്രുവരി നാലിന് മേലേ ചോളാരിയിലാണ് കേസിന്നാസ്പദമായ സംഭവം. ഇരുവരും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റീഫില്ലിംഗ് യൂണിറ്റില്‍ ജോലി ചെയ്തിരുന്നു. ഈ പരിചയം വെച്ച് യുവതിയെ സമീപിച്ച പ്രതി ദേഹത്ത് സ്പര്‍ശിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ പരാതിക്കാരിയുടെയും മാതാവിന്റെയും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ ഹാജരായി.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി