ഹിന്ദുത്വ, നവലിബറല്‍ നയങ്ങള്‍, ഇസ്ലാം, എകസിവില്‍ കോഡ്; സംവാദങ്ങളുടെ വസന്തം തീര്‍ക്കാന്‍ ലിറ്റ്മസ്

Keralam News

തിരുവനന്തപുരം: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക പരിപാടിയായ ‘ലിറ്റ്മസ് 23’ ഇത്തവണ ശ്രദ്ധേയമാവുന്നത് വിവിധ വിഷയങ്ങളിലെ സംവാദങ്ങള്‍ മുന്‍ നിര്‍ത്തിയാണ്. തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 1 നടക്കുന്ന പരിപാടിയുടെ അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് സംഘാടകര്‍ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനം എന്ന പേരില്‍ അറിയപ്പെടുന്ന ലിറ്റ്മസില്‍ ഇത്തവണ ഹിന്ദുത്വ, നവലിബറല്‍ നയങ്ങള്‍, ഇസ്ലാം, എകസിവില്‍ കോഡ് എന്നീ വിഷയങ്ങളിലാണ് സംവാദം നടക്കുന്നത്.

‘ഹിന്ദുത്വയില്‍ സന്ദീപും രവിചന്ദ്രും

‘ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ’ എന്ന സംവാദത്തില്‍, എഴുത്തുകാരനും പ്രഭാഷകനുമായ പ്രശസ്ത സ്വതന്ത്രചിന്തകന്‍ സി രവിചന്ദ്രനും, ബിജെപി വക്താവ് സന്ദീവ് വാചസ്പതിയുമാണ് മാറ്റുരക്കുന്നത്. ഉഞ്ചോയി മോഡറേറ്റര്‍ ആയിരിക്കും. സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഒരു സംവാദ പ്രഖ്യാപനമായിരുന്നു ഇത്. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ സ്റ്റേറ്റ് കോര്‍ ടീം അംഗമായ ഹാരിസ് അറബിയും, സന്ദീപ് വാചസ്പതിയുമാണ് ആദ്യം സംവാദം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ തിരക്കുകള്‍ കാരണം പങ്കെടുക്കാന്‍ കഴിയില്ല എന്ന് ഹാരിസ് അറിയിച്ചതോടെയാണ് സി രവിചന്ദ്രന്‍ ഈ സംവാദത്തിലേക്ക് എത്തുന്നത്. ഇതോടെ ഹിന്ദുത്വവാദികളും നാസ്തികരും നേരിട്ട് എറ്റുമുട്ടുന്ന ഒരു സംവാദമായി ഇത് മാറിയിരിക്കയാണ്.

ഈ സംവാദം പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് വന്‍ വിവാദമായി. ‘ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തിന് അപകടമോ’ എന്ന വിഷയത്തിന്റെ തലക്കെട്ട് എടുത്തിട്ടായിരുന്നു വിവാദം. ഇത് അപകടമാണെന്ന് ഇനിയും മനസ്സിലായില്ലേ എന്ന് ചോദിച്ച്, ഇടത് പ്രൊഫൈലുകളില്‍ നിന്നാണ് ആദ്യം വിമര്‍ശനം തുടങ്ങിയത്. എസ്സെന്‍സ് ഗ്ലോബല്‍ ഹിന്ദുത്വയെ നോര്‍മലൈസ് ചെയ്യുകയാണെന്നും, സന്ദീപ് വാചസ്പതിക്ക് പേരെടുക്കാന്‍ ദൂര്‍ബലനായ എതിരാളിയെ കൊടുത്തു എന്നുവരെയായി പ്രചാരണങ്ങള്‍.

എന്നാല്‍ ഇതിനെ എസ്സെന്‍സ് നേരിട്ടത് തങ്ങളുടെ മൂന്‍കാലത്തെ സംവാദങ്ങളുടെ ടൈറ്റിലുകള്‍ മൊത്തം ചൂണ്ടിക്കാട്ടിയാണ്. ‘ദൈവം ഉണ്ടോ? നല്ലവരാകാന്‍ ദൈവം വേണോ? വാസ്തു ശാസ്ത്രീയമാണോ? മനുഷ്യന്‍ ധാര്‍മ്മിക ജീവിയോ? ഭഗവത് ഗീത ജാതിയെ പിന്തുണയ്ക്കുന്നുവോ? ജ്യോതിഷം ചൂഷണമോ? ജൈവകൃഷി ശാസ്ത്രീയമോ? ആത്മാവ് ഉണ്ടോ? സയന്‍സ് ഏറ്റവും മികച്ച ജ്ഞാനമാര്‍ഗ്ഗമോ?… ഇങ്ങനെയായിരന്നു നേരത്തെ എസ്സെന്‍സ് സംഘടിപ്പിച്ച ചില സംവാദങ്ങളടെ ടൈറ്റിലുകള്‍. ഇതാണ് ലോകമെമ്പാടും ഇതാണ് സംവാദങ്ങളുടെ പൊതു മാതൃക.

സംവാദം നടക്കണമെങ്കില്‍ ഒരു ചോദ്യം വേണം, ഇരുവശത്തു നിന്നും എതിര്‍ക്കാനും അനുകൂലിക്കാനും സംവാദകര്‍ വേണം. ഒത്തുതീര്‍പ്പുകളും ഒഴിഞ്ഞുമാറ്റങ്ങളുമൊന്നും സംവാദത്തില്‍ സാധ്യമല്ല. ഇരു സംവാദകര്‍ക്കും തുല്യ അവസരമാണ്. പ്രതിപക്ഷ ബഹുമാനത്തോടെ ആശയപരമായി സംവാദിക്കണം. കേട്ടുനില്‍ക്കുന്നവര്‍ക്ക് ഈ ആശയസംഘര്‍ഷത്തില്‍ നിന്ന് കാര്യം തിരിയും. മികച്ച ആശയങ്ങള്‍ പ്രസരിക്കും, മോശം ആശയങ്ങള്‍ വെളിവാക്കപെടും. ഏകീകൃത സിവില്‍ കോഡ് ആവശ്യമുണ്ടോ എന്ന ലിറ്റ്മസ് 23 ലെ മറ്റൊരു സംവാദം സംഘടിപ്പിച്ചത് എസ്സെന്‍സിന് അക്കാര്യത്തില്‍ സംശയമുണ്ടായിട്ടോ ആവശ്യമുണ്ടോ എന്നൊരു സന്ദേഹം സമൂഹത്തില്‍ നോര്‍മലൈസ് ചെയ്യാനോ ലക്ഷ്യമിട്ടല്ല.”- ഇങ്ങനെയാണ് എസ്സെന്‍സ് ഭാരവാഹികള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ഏകസിവില്‍ കോഡില്‍ ഷൂക്കുര്‍വക്കീലും

‘നവലിബറല്‍ ആശയങ്ങള്‍ ഗുണമോ ദോഷമോ’, എന്നതാണ് ലിറ്റ്മസില്‍ നടക്കുന്ന അടുത്ത സംവാദം. നിരവധി പ്രഭാഷണങ്ങളിലുടെ ശ്രദ്ധേയനായ സ്വതന്ത്രചിന്തകന്‍ അഭിലാഷ് കൃഷ്ണനും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ സെക്രട്ടറിയും, ശാസ്ത്ര കേരളം മാസികയുടെ എഡിറ്ററുമായ ടി കെ ദേവരാജനുമാണ് ഇതില്‍ സംവദിക്കുന്നത്. ഈ വര്‍ഷത്തെ എസ്സെന്‍സ് യങ്ങ് ഫ്രീ തിങ്കര്‍ അവാര്‍ഡ്് നേടിയ അഭിലാഷ് കൃഷ്ണന്‍, സാമ്പത്തിക അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിരവധി പ്രസന്റേഷനുകള്‍ അവതരിപ്പിക്കുകയും ലേഖനങ്ങള്‍ എഴൂതുകയും ചെയ്തിട്ടുണ്ട്. ജ്യോതിഷം – ശാസ്ത്രവും വിശ്വാസവും, നക്ഷത്ര ദൂരങ്ങള്‍ തേടി, മലയാളികളും ശാസ്ത്രബോധവും, ജനങ്ങളെ കൈ വെടിയുന്ന ബാങ്കുകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയ ടി കെ ദേവരാജന്‍ അറിയപ്പെടുന്ന പ്രഭാഷകന്‍ കൂടിയാണ്. വി രാകേഷാണ് ഈ സംവാദത്തിന്റെ മോഡറേറ്റര്‍.

‘ഇസ്‌ളാം: അപരവത്കരണവും ഫോബിയയും’ എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ആരിഫ് ഹൂസൈന്‍ തെരുവത്തും, എടവണ്ണ ജാമിഅഃ നദ്വിയ്യഃ അറബിക് കോളജിന്റെ ഡയറക്ടറും പ്രഭാഷകനുമായ ആദില്‍ അതീഫ് സ്വലാഹിയുമാണ് സംവദിക്കുന്നത്. ഹോമിയോപതി ആശാസ്ത്രീയമാണെന്ന് ബോധ്യപ്പെട്ടതോടെ ഡോക്ടര്‍ പദവി ഉപക്ഷേിച്ച ആരിഫ്, എക്സ് മുസ്ലീം മൂവ്മെന്റിന്റെ മുന്‍ അമരക്കാരനും, നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് ( എന്‍ ആര്‍ സി) എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാണ്. ഇസ്ലാമിക നിയമം, ഖുര്‍ആന്‍, തുടങ്ങിയവയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രഭാഷകനാണ് ആദില്‍ അത്തീഫ് സ്വലാഹി.

‘ഏക സിവില്‍ കോഡ് ആവശ്യമുണ്ടോ’ എന്ന സംവാദത്തില്‍ സി രവിചന്ദ്രന്‍, അഡ്വ കെ അനില്‍കുമാര്‍, അഡ്വ ഷുക്കുര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ അഡ്വ അനില്‍കുമാര്‍, ചാനല്‍ ചര്‍ച്ചകളിലെയും, സോഷ്യല്‍ മീഡിയയിലെയും സജീവ സാനിധ്യമാണ്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചലച്ചിത്രത്തില്‍, തന്റെ തന്നെ പേരിലുള്ള വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ അഡ്വ ഷുക്കുര്‍, ഇസ്ലാമിക പിന്തുടര്‍ച്ചാവകാശത്തിലെ മാറ്റങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന വ്യക്തിയാണ്. രണ്ടുപെണ്‍മക്കള്‍ മാത്രമുള്ള ഷുക്കുര്‍ വക്കീല്‍, ഈയിടെ സ്വന്തം ഭാര്യയെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചത് വാര്‍ത്തയായിരുന്നു. സി സുശീല്‍കുമാറാണ് ഈ സംവാദത്തിന്റെ മോഡറേറ്റര്‍.