മാതാപിതാക്കൾക്കും അധ്യാപകർക്കുമായി ‘സ്മാർട്ട് റിയലൈസേഷൻ’

Keralam News

മാതാപിതാക്കള്‍ക്കും അധ്യാപകർക്കും സ്മാർട്ട് ഫോണിനെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആർ ട്രീ ഫൗണ്ടേഷൻ്റെ കീഴിൽ ഇഗ്നോ എം എസ് ഡബ്ല്യു വിദ്യാർഥികൾ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ കുട്ടികളുടെ പഠനം മികവുറ്റതാക്കാൻ സ്മാർട്ട് ഫോണുകളുടെ പങ്ക് വളരെ വലുതാണ്. സ്മാർട്ട് ഫോണിന്റെ ഉപയോഗം കൂടിയതോടെ കുട്ടികളിൽ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളും കൂടിയിരിക്കുകയാണ്. മിക്ക മാതാപിതാക്കള്‍ക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ച് വലിയ ധാരണയില്ല. കുട്ടികളില്‍ ഇവ ദുരുപയോഗം ചെയ്യാനുള്ള പ്രവണതയുളവാക്കുന്നുണ്ട്. ഇവിടെയാണ് സ്മാർട്ട് റിയലൈസേഷൻ്റെ ആവശ്യകത.

ഞായറാഴ്ച വൈകുന്നേരം 6.30 ന് സംഘടിപ്പിച്ച സ്മാർട്ട് റിയലൈസേഷൻ എന്ന ഓൺലൈൻ ബോധവത്ക്കരണ പരിപാടിയിൽ കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് ജി.എച്ച്.എസ്സ്.എസ്സിലെ എസ് പി സി യൂണിറ്റിലെ അധ്യാപകരുo മാതാപിതാക്കളും ഉൾപ്പടെ 150 ആളുകൾ പങ്കെടുത്തു.

പതിനൊന്നു വർഷമായി സൈബർ ക്രൈം ബ്രാഞ്ചിൽ അനുഭവസമ്പത്തുള്ള എറണാകുളം റൂറൽ സൈബർ ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. പി. എ തൽഹത്ത് ‘സൈബർ അവയർനെസ്സ് ‘ എന്ന വിഷയവുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു. സ്മാർട്ട് ഫോണിൻ്റെ സെക്യൂരിറ്റിയെ പറ്റിയും നമ്മുടെ കുട്ടികളെ സുരക്ഷിതരായി സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ എങ്ങനെ പ്രാപ്തരാക്കാം എന്നതിനെ പറ്റിയും അദ്ദേഹം പറഞ്ഞു. കുട്ടികളിൽ അമിത സ്മാർട്ട് ഫോൺ ഉപയോഗം മൂലം ഉണ്ടാകുന്ന അനന്തര ഫലങ്ങളെ പറ്റി ആർ ട്രീ ഫൗണ്ടേഷൻ ട്രെയിനി അഞ്ചു ബി എസും സ്മാർട്ട് റിയലൈസേഷൻ്റെ പ്രാധാന്യത്തെ പറ്റി ആർ ട്രീ ഫൗണ്ടേഷൻ ഡയറക്ടറും അധ്യാപകനുമായ രാകേഷ് ചന്ദ്രനും സംസാരിച്ചു.

ഇത്തരത്തിലുള്ള ബോധവത്ക്കരണ പരിപാടികളിലൂടെ ലഭിക്കുന്ന വിവരങ്ങൾ കുട്ടികളുമായി പങ്കു വയ്ക്കണമെന്നും, അവർ ചെയ്യുന്ന കാര്യങ്ങൾ മാതാപിതാക്കൾ അറിഞ്ഞില്ല എന്ന് പറയേണ്ട സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങളിലെ അധ്യാപകർക്കും മാതാപിതാക്കൾക്കും ബോധവത്ക്കരണം നൽകുന്നതിലൂടെ ഒരു പരിധി വരെ കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗം തടയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.