ഭൂമി ഉപയോഗത്തിന്റെ പൂർണ വിവരങ്ങളുമായി ആഫ്രിക്കൻ വൻകര

International News

ജോഹാന്നസ്ബർഗ്: ഡിജിറ്റലായി ഭൂമി ഉപയോഗത്തിന്റെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തിയ ആദ്യത്തെ വൻകരയായി ആഫ്രിക്ക. വൻകരയിലെ എല്ലാ രാജ്യങ്ങളിലെയും വിവരങ്ങൾ ആഫ്രിക്ക ഓപ്പൺ ഡീൽ (ഡാറ്റ ഫോർ എൻവിയോർമെന്റ്, അഗ്രികൾച്ചർ ആൻഡ് ലാൻഡ് ഇനീശ്യേറ്റിവ്) എന്ന പദ്ധതിയുടെ ഭാഗമായി ശേഖരിക്കുകയായിരുന്നു.

വൻകരയിലെ എല്ലാ സ്ഥലത്തെയും ഭൂമിയുടെ ഉപയോഗം, സസ്യവൈവിധ്യം, ഇരുപത് വർഷക്കാലയളവിൽ അതിനുണ്ടായ മാറ്റങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ശേഖരിച്ച വിവരങ്ങൾ. ഓരോ 0.5 ഹെക്റ്ററിലെയും മരങ്ങള്‍, കൃഷിഭൂമി തുടങ്ങിയ വിവരവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം ഇവിടങ്ങളിൽ 35 കോടി ഹെക്ടർ കൃഷിഭൂമിയുണ്ടെന്നും, കാടുകളെ ഉൾപ്പെടുത്താതെ തന്നെ 700 കോടി മരങ്ങളുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ൽ തുടങ്ങിയ വിവരശേഖരണം രണ്ടു വര്ഷമെടുത്തതാണ് പൂർത്തീകരിച്ചത്. ഇത് വഴി കൂടുതൽ കൃഷിഭൂമികളും വനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

എഫ്‌എഒ ഗൂഗ്ള്‍ എര്‍ത്തിലൂടെ വിവരങ്ങൾ ശേഖരിക്കാനായി ഉണ്ടാക്കിയ ഓപ്പണ്‍സോഴ്സ് സോഫ്റ്റ്വെയര്‍ കലക്റ്റ് എര്‍ത്ത് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ആവശ്യമായ രേഖകൾ എടുത്തത്. ആഫ്രിക്കന്‍ യൂണിയന്‍ കമ്മിഷനും ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനും ചേർന്നാണ് പദ്ധതി പൂർത്തീകരിച്ചത്.