എം ഡി എം എയും സ്വര്‍ണ്ണ ബിസ്‌കറ്റും : പ്രതിക്ക് പത്തു വര്‍ഷം തടവും ഒരു ലക്ഷം പിഴയും

Crime Local News

മഞ്ചേരി : എം ഡി എം എയും സ്വര്‍ണ്ണ ബിസ്‌കറ്റും കടത്തിയതിന് വണ്ടൂര്‍ എസ് ഐ സത്യന്‍ കോട്ടാല അറസ്റ്റ് ചെയ്ത പ്രതിക്ക് മഞ്ചേരി എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കരുളായി വലമ്പുറം കോലോത്തുംതൊടിക അഹമ്മദ് ആഷിക്കിനെയാണ് ജഡ്ജി എന്‍ പി ജയരാജ് ശിക്ഷിച്ചത്. 2021 മാര്‍ച്ച് 21ന് രാത്രി 8.15ന് ആനമറി ചെക്ക് പോസ്റ്റിനടുത്ത് വെച്ചാണ് പ്രതി അറസ്റ്റിലായത്. പ്രതിക്കൊപ്പമുണ്ടായിരുന്ന മൂത്തേടം പലേങ്കര ചക്കിങ്ങത്തൊടിക മുഹമ്മദ് മിസ്ബാഹ് (24) ഉം അറസ്റ്റിലായെങ്കിലും ഇയാളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. ഇവര്‍ സഞ്ചരിച്ച വാഹനം പരിശോധിച്ചതില്‍ 71 ഗ്രാം എം ഡി എം എയും 227 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ ബിസ്‌കറ്റും പൊലീസ് കണ്ടെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതി അക്രമാസക്തനാവുകയും പൊലീസിനെ അക്രമിക്കുകയും ചെയ്തിരുന്നു. വഴിക്കടവ് പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ രാജീവ് കുമാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടമാരായ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍, അഡ്വ. ടോം കെ തോമസ് എന്നിവര്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 37 രേഖകളും ഹാജരാക്കി. എ എസ് ഐ സുരേഷ് ബാബുവായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍. പ്രതി പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി