ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ് ഗോകുലം വിട്ടു

News Sports

ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയുടെ ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ് ക്ലബ് വിട്ടു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ബിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ കാലങ്ങളിൽ ഗോകുലം കേരള പരിശീലകനായിരുന്ന ബിനോ പിന്നീടാണ് ക്ലബിൻ്റെ ടെക്നിക്കൽ ഡയറക്ടർ ആയത്.

ബിനോ ജോർജിൻ്റെ കീഴിൽ ഗോകുലം സമാനതകളില്ലാത്ത പ്രകടനങ്ങളാണ് കാഴ്ചവച്ചത്. ഒരുപാട് മികച്ച മലയാളി താരങ്ങളെ കണ്ടെത്തിയ അദ്ദേഹം അരങ്ങേറ്റ സീസണിൽ തന്നെ ക്ലബിന് ജയൻ്റ് കില്ലേഴ്സ് എന്ന പേര് നൽകി. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മിനർവ പഞ്ചാബ് എന്നീ വമ്പന്മാരെയാണ് ആദ്യ സീസണിൽ ഗോകുലം കീഴ്പ്പെടുത്തിയത്. പിന്നീട് ബിനോ ജോർജ് ക്ലബിൻ്റെ ടെക്നിക്കൽ ഡയറക്ടറായി. ഐ-ലീഗ്, ഡ്യുറൻ്റ് കപ്പ് എന്നീ കിരീടങ്ങൾ നേടിയ ഗോകുലത്തിൻ്റെ ടെക്നിക്കൽ ഡയറക്ടറായിരുന്നു ബിനോ. വനിതാ ടീം ഐലീഗ് കിരീടം നേടുന്നതും കേരള പ്രീമിയർ ലീഗിൽ ക്ലബ് രണ്ട് വട്ടം ചാമ്പ്യന്മാരാവുന്നതും ബിനോയുടെ കീഴിലാണ്.

മികച്ച ടെക്നിക്കൽ ഡയറക്ടറായി പേരെടുത്ത ബിനോയ്ക്ക് നിരവധി ഐ എസ് എൽ ക്ലബുകളിൽ നിന്ന് ഓഫറുകളുണ്ട്. ഇനി ഏതെങ്കിലും ഐ എസ് എൽ ക്ലബിലാവും അദ്ദേഹം പ്രവർത്തിക്കുക.

Leave a Reply

Your email address will not be published.