കൈമുട്ട് ശരിയായില്ലെങ്കില്‍ ക്രിക്കറ്റ് തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന് ജൊഫ്രെ ആര്‍ച്ചര്‍

News Sports

ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ജൊഫ്രെ ആര്‍ച്ചര്‍. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഒരേപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആര്‍ച്ചര്‍ 2019-ല്‍ ഇംഗ്ലണ്ടിന്റെ പ്രഥമ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. എന്നാല്‍ ഇപ്പോള്‍ വിട്ടുമാറാത്ത പരുക്കുകള്‍ കാരണം താരത്തിന്റെ കരിയര്‍ തന്നെ അപകടത്തിലായ അവസ്ഥയാണ്.

ഈ വര്‍ഷത്തെ ഐ.പി.എല്ലിനു തൊട്ടുമുമ്പ് കൈമുട്ടിനു പരുക്കേറ്റ ആര്‍ച്ചര്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടര്‍ന്ന് ഐ.പി.എല്ലില്‍ നിന്നു വിട്ടുനിന്നു വിശ്രമിച്ച ശേഷം പരിശീലനം പുനരാരംഭിച്ച ആര്‍ച്ചറിനെ വീണ്ടും അതേ പരുക്കു വേട്ടയാടുകയാണ്.

തന്റെ കൈമുട്ട് ശരിയായില്ലെങ്കില്‍ ക്രിക്കറ്റ് തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും ഇനി ഒരു മത്സരത്തില്‍പ്പോലും പന്തെറിയാനാകില്ലെന്നും ആര്‍ച്ചര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ അവസ്ഥ താരം വ്യക്തമാക്കിയത്.

”പരുക്കുകള്‍ വിടാതെ പിന്തുടരുകയാണ്. കുറച്ചു മാസങ്ങള്‍ കൂടി എനിക്കു നഷ്ടമാകും. എന്നാല്‍ ഇതു പൂര്‍ണമായും മാറിയില്ലെങ്കില്‍ ഇനി ഒരു മത്സരത്തിലും പന്തെറിയന്‍ സാധിക്കില്ല. ക്രിക്കറ്റ് ഉപേക്ഷിക്കുകയെന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ല. പക്ഷേ കായികക്ഷമത ഇല്ലെങ്കില്‍ എന്തു ചെയ്യാനാകും. പൂര്‍ണ കായികക്ഷമതയോടെ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. അതിനു സമയമെടുത്തേക്കും. കരിയറിനും ജീവിതത്തിനും ശരിയായ തീരുമാനങ്ങള്‍ ആണ് എടുക്കുക”- ആര്‍ച്ചര്‍ പറഞ്ഞു.

2019-ല്‍ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു ആര്‍ച്ചറിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. ഇതുവരെ 13 ടെസ്റ്റുകളും 17 ഏകദിനങ്ങളും 12 ട്വന്റി 20 മത്സരങ്ങളുമാണ് താരം ഇംഗ്ലണ്ടിനായി കളിച്ചത്. ടെസ്റ്റില്‍ 42 ഉം ഏകദിനത്തില്‍ 30 ഉം ടി20-യില്‍ 14 ഉം വിക്കറ്റുകളാണ് സ്വന്തം പേരിലുള്ളത്.

Leave a Reply

Your email address will not be published.