ഐ.പി.എല്ലിനിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഇന്ത്യന്‍ യുവ പേസര്‍ ടി. നടരാജന്‍ പരിശീലനം പുനരാരംഭിച്ചു

News Sports

ഐ.പി.എല്ലിനിടെ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഇന്ത്യന്‍ യുവ പേസര്‍ ടി. നടരാജന്‍ പരിശീലനം പുനരാരംഭിച്ചു. ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് താരം പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്നും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചേക്കുമെന്നും സൂചനയുണ്ട്. പരിശീലനം പുനഃരാരംഭിച്ചതായി നടരാജന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. താന്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത നടരാജന്‍ ഉടന്‍ ക്രിക്കറ്റിലേക്കു തിരിച്ചുവരുമെന്നും സൂചിപ്പിച്ചു. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു നടരാജന്‍.

സീസണില്‍ രണ്ടു മത്സരം മാത്രം കളിച്ച നടരാജന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിനു ശേഷം പരുക്കിനെത്തുടര്‍ന്ന് ഐ.പി.എല്ലില്‍ നിന്നു പിന്മാറുകയായിരുന്നു. ഐ.പി.എല്ലിനു മുമ്പ് തന്നെ താരത്തിനു പരുക്കേറ്റിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പരുക്ക് വകവയ്ക്കാതെയാണ് നടരാജന്‍ കളിച്ചത്.

ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി ഇംഗ്ലണ്ടിനെതിരായ പരമ്പരയും കളിച്ച ശേഷം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിചരണത്തിലായിരുന്നു. ഇതിനിടെയാണ് ഐ.പി.എല്ലില്‍ കളിച്ചത്. എന്നാല്‍ പരുക്ക് കൂടുതല്‍ വഷളാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് രണ്ടു മത്സരങ്ങള്‍ കളിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഐ.പി.എല്ലില്‍ നിന്നു പിന്മാറുകയായിരുന്നു.

ഫിറ്റ്നെസ് വീണ്ടെടുത്താല്‍ ലങ്കന്‍ പര്യടനത്തില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം ഇന്ത്യയുടെ ന്യൂബോള്‍ പങ്കിടുക നടരാജനായിരിക്കും. ദീപക് ചഹാര്‍ ആയിരിക്കും ടീമിനെ മൂന്നാം പേസര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്നതിനാല്‍ നടരാജന് ഇതു മികച്ച അവസരമായിരിക്കും.

Leave a Reply

Your email address will not be published.