യൂറോപ്പ് ലീഗ്; യുണൈറ്റഡിനെ പെനാലിറ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി വിയ്യാറയലിന് കിരീടം

News Sports

സ്പാനിഷ് ക്ലബ് വിയ്യാറയലിന് ചരിത്ര നിമിഷം. യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ രംഗത്തെ രണ്ടാംനിരക്കാരുടെ വേദിയായ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി വിയ്യാറയല്‍. ക്ലബിന്റെ 98 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ കിരീടമാണിത്. കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഐതിഹാസിക പെനാലിറ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് വിയ്യാറയാല്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ടത്.

കളിയിലുടനീളം സ്പാനിഷ് ക്ലബ്ബിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ യുണൈറ്റഡിനായിരുന്നു. മുന്നേറ്റത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യം ഗോള്‍ വല ഭേദിച്ചത് വിയ്യാറയലായിരുന്നു. 29-ാം മിനുറ്റില്‍ ജെറാഡ് മൊറേനോ ടീമിനെ മുന്നില്‍ എത്തിച്ചു. ടീമിനായി മൊറേനോയുടെ 82-ാം ഗോളായിരുന്നു കലാശപ്പോരാട്ടത്തില്‍ പിറന്നത്.

ആദ്യ പകുതിയില്‍ ഒപ്പമെത്താണ് യുണൈറ്റഡിനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിയ്യാറയല്‍ യുണൈറ്റഡിനെ ഭയപ്പെടുത്തി. എന്നാല്‍ 55-ാം മിനുറ്റില്‍ യുണൈറ്റഡ് സമനില ഗോള്‍ നേടി. എഡിസണ്‍ കവാനിയാണ് ലക്ഷ്യം കണ്ടത്. പിന്നീട് ആര്‍ക്കും മുന്നിലെത്താനായില്ല. നിശ്ചിത, അധിക സമയങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം. പെനാലിറ്റിയിലും സമാന സ്ഥിതി. കിക്കെടുത്ത പതിനൊന്നും വിയ്യാറയല്‍ താരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ യുണൈറ്റഡിന്റെ ഡിഹെയക്ക് മാത്രം പിഴവ് പറ്റി. വിയ്യാറയല്‍ ഗോളി ജെറോനിമോ റുല്ലിയുടെ കൈകളിലേക്ക് പന്തടിച്ചു നല്‍കി. വിയ്യാറയല്‍ നേടുന്ന ആദ്യ പ്രധാനപ്പെട്ട കിരീടം കൂടിയായിരുന്നു യൂറോപ്പ ലീഗ്.

Leave a Reply

Your email address will not be published.