യൂറോപ്യൻ സൂപ്പർ ലീഗിൽ ക്ലബുകൾക്കെതിരെ നടപടിയില്ലെന്ന് യുവേഫ

Politics Sports

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ഇതുവരെ പിന്മാറാത്ത ക്ലബുകൾക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യുവേഫ അറിയിച്ചു. റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവൻ്റസ് എന്നീ ടീമുകൾക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ച യുവേഫയാണ് ഇപ്പോൾ നിലപാടിൽ നിന്ന് പിന്നാക്കം പോയിരിക്കുന്നത്. തത്കാലം ഈ ക്ലബുകൾക്കെതിരെ നടപടി എടുക്കേണ്ടതില്ല എന്നാണ് യുവേഫയുടെ തീരുമാനം.

യൂറോപ്യൻ ലീഗുകളിലെ പ്രമുഖ ക്ലബുകൾ ഒരുമിച്ച് ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയത്തിനു തിരി കൊളുത്തിയത്. വിവാദമായതിനു പിന്നാലെ ക്ലബുകൾ ഓരോന്നായി പിന്മാറി. എന്നാൽ, യുവൻ്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ ടീമുകൾ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് ഈ ടീമുകൾക്കെതിരെ നടപടി എടുക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചു. ഈ നിലപാടാണ് ഇപ്പോൾ യുവേഫ മാറ്റിയിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ലിവർപൂൾ, ടോട്ടനം, ചെൽസി എന്നീ ക്ലബുകളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് യൂറോപ്യൻ സൂപ്പർ ലീഗിനു പിന്തുണ നൽകിയത്. ഈ ക്ലബുകളെല്ലാം ലീഗിൽ നിന്ന് പിന്മാറി. മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും പിന്തുണ പിൻവലിച്ചു. ലിവർപൂൾ, ആഴ്സണൽ, ടോട്ടനം, ചെൽസി എന്നിവർ യഥാക്രമം പിന്മാറി. പിന്നാലെ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബ് ഇൻ്റർ മിലാൻ എന്നീ ക്ലബുകളും പിന്തുണ പിൻവലിച്ചു. ഇതോടെ ലീഗ് നടക്കില്ലെന്ന് അധികൃതർ പറഞ്ഞു.