ഇറ്റലിയും തുർക്കിയും ഇന്ന് കളത്തിൽ: യൂറോ കപ്പ്

News Sports

2021 യൂറോ കപ്പിന് ഇന്ന് ആരംഭം. ഉദ്ഘാടന മത്സരത്തിൽ ഇറ്റലിയും തുർക്കിയും തമ്മിലാണ് കളി. 2018 സെപ്തംബറിനു ശേഷം തോൽവിയറിയാതെ കുതിയ്ക്കുന്ന ഇറ്റലിയും യൂറോ യോഗ്യതാ മത്സരങ്ങളിൽ ഒരേ ഒരു കളി മാത്രം പരാജയപ്പെട്ട തുർക്കിയും കൊമ്പുകോർക്കുമ്പോൾ തീപാറും. റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

മുൻ ദേശീയ താരം റോബർട്ടോ മാൻസീനി ടീം പരിശീലകനായി എത്തിയതോടെയാണ് ഇറ്റലി ഡ്രീം റൺ ആരംഭിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ സ്തബ്ധരായി നിന്ന ഇറ്റാലിയൻ ടീമിൻ്റെ പരിശീലകനായി മാൻസീനി എത്തുന്നത് 2018 മെയ് മാസത്തിലാണ്. 2020 വരെ ആയിരുന്നു കരാർ. യൂറോ യോഗ്യത നേടിയാൽ കരാർ അധികരിപ്പിക്കുമെന്നുണ്ടായിരുന്നു. മൂന്ന് മത്സരങ്ങൾ ശേഷിക്കെ ഇറ്റലി യൂറോ യോഗ്യത നേടി. കരാർ നീട്ടി 2022 വരെ ആക്കി. യൂറോ യോഗ്യതാ മത്സരങ്ങളിൽ ഒന്നുപോലും പരാജയപ്പെടാതെ ഇറ്റലി കുതിച്ചു. 37 തവണ എതിരാളികളുടെ വല കുലുക്കിയ മുൻ ലോക ചാമ്പ്യന്മാർ ആകെ വഴങ്ങിയത് വെറും നാല് ഗോളുകൾ. തുടർച്ചയായ 11 മത്സരങ്ങളിൽ തോൽവിയറിയാതെ ദേശീയ ടീം റെക്കോർഡും മാൻസീനി സ്ഥാപിച്ചു. ഇതിനിടെ യുവേഫ നേഷൻസ് ലീഗിലും ഇറ്റലി ഒന്നാമതെത്തി. മാൻസീനിയുടെ കരാർ വീണ്ടും നീട്ടി. ഇപ്പോൾ 2026 വരെയാണ് അദ്ദേഹത്തിൻ്റെ കാലാവധി.

സിറോ ഇമ്മോബ്‌ലെ, ലോറൻസോ ഇൻസീന്യ എന്നിവർ നയിക്കുന്ന ആക്രമണ നിരയും ജോർഗീഞ്ഞോ, ബരെല്ല തുടങ്ങിയവർ അടങ്ങുന്ന മധ്യനിരയും കിയെല്ലിനി, ബൊണൂച്ചി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന പ്രതിരോധനിരയുമാണ് ഇറ്റലിക്കുള്ളത്. ഒപ്പം, മാൻസീനിയുടെ തന്ത്രങ്ങളും.

അതേസമയം, തുർക്കിയും ആത്മവിശ്വാസത്തോടെയാണ് എത്തുന്നത്. ഗ്രൂപ്പ് എച്ചിൽ ഫ്രാൻസിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് അവർ യൂറോ യോഗ്യതാ ഘട്ടം പൂർത്തിയാക്കിയത്. വഴങ്ങിയ ഗോളെണ്ണം നോക്കുമ്പോൾ ഇറ്റലിയെക്കാൾ ഒരു ഗോൾ കുറവ് ആണ് തുർക്കിയുടെ പ്രതിരോധം ഭേദിച്ചത്. യില്മാസ്, യസീസി എന്നിവർ ആക്രമണനിരയിലുണ്ടാവും. ചാഹനോലൂ, ചെംഗിസ് തുടങ്ങി ശ്രദ്ധേയരായ താരങ്ങൾ അടങ്ങുന്ന മധ്യനിരയിലാണ് തുർക്കി കരുത്ത് സൂക്ഷിച്ചിരിക്കുന്നത്.