കോപ്പ അമേരിക്കയ്ക്കുള്ള ടീം പ്രഖ്യാപിച്ച് അർജന്റീന; ഫോയ്ത്ത് ഇല്ല

News Sports

കോപ്പ അമേരിക്കയ്ക്കുള്ള 28 അംഗ ടീം പ്രഖ്യാപിച്ച് അർജൻ്റീന. വിയ്യാറയലിൻ്റെ യുവ പ്രതിരോധ താരം യുവാൻ ഫോയ്ത്തിനെ ഒഴിവാക്കിയാണ് പരിശീലകൻ ലയണൽ സ്കലോണി ടീം പ്രഖ്യാപിച്ചത്. സെവിയ്യയുടെ വിങ്ങർ ലൂക്കാസ് ഒക്കമ്പസും ടീമിൽ ഇടം നേടിയില്ല. ടീമിലെ പ്രധാനികളായ രണ്ട് താരങ്ങളെ ഒഴിവാക്കുക വഴി ശക്തമായ സന്ദേശമാണ് സ്കലോണി കൊടുത്തിരിക്കുന്നത്.

മികച്ച താരങ്ങളായ ഫോയ്ത്തിനും ഒക്കമ്പസിനും സ്കലോണി തുടരെ അവസരങ്ങൾ നൽകിയിരുന്നു. ഇരുവരും ഇതുവരെ ഫോമിൽ എത്തിയിട്ടില്ല. ഇത് വലിയ വിമർശനങ്ങൾക്കും വഴിയൊരുക്കി. ഇതിനു പിന്നാലെയാണ് ഇരുവരെയും സ്കലോണി ഒഴിവാക്കിയത്. കഴിഞ്ഞ സീസണിൽ സെവിയ്യയ്ക്കായും ഒക്കമ്പസ് മങ്ങിയ പ്രകടനങ്ങളാണ് കാഴ്ചവച്ചത്.

1993 മുതൽ തുടരുന്ന കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിയ്ക്കാനാണ് ലയണൽ മെസിയും സംഘവും ഇറങ്ങുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലൂടെ അരങ്ങേറിയ ക്രിസ്ത്യൻ റൊമേറോ, മോളിനോ ലുസേറോ എന്നിവർ കോപ്പ ടീമിൽ ഇടം നേടി. ഇരുവരും പ്രതിരോധ താരങ്ങളാണ്.

ഉറു​ഗ്വേ, ബോളിവിയ, പാരാ​ഗ്വേ, ചിലി എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് അർജൻ്റീന. തിങ്കളാഴ്ച ചിലിക്കെതിരെയാണ് മെസിയും സംഘവും കോപ്പയിലെ ആദ്യ അങ്കത്തിന് ഇറങ്ങുക.