യൂറോപ്യന്‍ സൂപ്പര്‍ ലീഗ്; റയലിനെയും ബാഴ്സയെയും തൊടാന്‍ ഭയന്ന് യുവേഫ

News Sports

യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍വാങ്ങാത്ത ക്ലബുകളായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകളെ വിലക്കാന്‍ ഉള്ള തീരുമാനം യുവേഫ മാറ്റിവെച്ചു. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ഈ ടീമുകളെ വിലക്കും എന്നായിരുന്നു നേരത്തെ യുവേഫയുടെ തീരുമാനമെങ്കിലും കാര്യങ്ങള്‍ മയപ്പെടുത്തുകയാണ് എന്നാണ് സൂചന. തല്‍ക്കാലം ഈ മൂന്നു ക്ലബുകള്‍ക്ക് എതിരെയും യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് യുവേഫ അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബുകളായ ഇവര്‍ക്കെതിരെ നടപടി എടുത്താല്‍ ചാമ്പ്യന്‍സ് ലീഗ് പ്രതിരോധത്തിലായി പോകും എന്ന ഭയമാണ് യുവേഫയെ പിറകോട്ട് മാറ്റിയത്.

പുതിയ ഉത്തരവ് വരുന്നത് വരെ ഈ ക്ലബുകള്‍ക്ക് എതിരായ എല്ലാ നടപടികളും സ്റ്റേ ചെയ്യാന്‍ ആണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്. ‘ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കിയാല്‍ മാപ്പ് പറയാനോ പിഴ അടയ്ക്കാനോ ബാഴ്സലോണ തയ്യാറാവില്ല. ക്ലബ് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കും. ക്ലബിന്റെ താല്‍പര്യത്തിന് വേണ്ടി പോരാടും, സുസ്ഥിരമായ ഒരു ഫുട്ബാള്‍ മാതൃക വികസിപ്പിക്കും’ എന്നുമായിരുന്നു ബാഴ്സലോണ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയുടെ മറുപടി. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ചിട്ടില്ലെന്നും തിരിച്ചുവരുമെന്നുമായിരുന്നു റയല്‍ മഡ്രിഡ് പ്രസിഡന്റും സൂപ്പര്‍ ലീഗ് ചെയര്‍മാനുമായ ഫ്‌ലോറന്റിനോ പെരസ് പ്രതികരിച്ചത്. വിമര്‍ശനങ്ങളില്‍ മനസ്സു മടുത്താണു ക്ലബ്ബുകള്‍ പിന്‍മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളായ ആഴ്‌സണല്‍, ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം എന്നിവര്‍ 22 മില്യണ്‍ ഡോളര്‍ പിഴ നല്‍കാമെന്ന് സമ്മതിച്ചു. കൂടാതെ, ഭാവിയില്‍ യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ ചേരാനുള്ള ആലോചനകളുണ്ടായാല്‍ 20 മില്യണ്‍ ഡോളര്‍ (28 മില്യണ്‍ ഡോളര്‍) പിഴയും 30 പോയിന്റ് കുറക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. യുവേഫയെ മറികടന്ന് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബുകള്‍ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പര്‍ ലീഗില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എ സി മിലാന്‍, ഇന്റര്‍ മിലാന്‍, അത്ലറ്റിക്കോ മാഡ്രിഡ്, ആഴ്സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകള്‍ ആണ് പിന്മാറിയത്.