ലോകകപ്പ് യോഗ്യത: ബ്രസീലിന് ജയം, അര്‍ജന്റീനക്ക് സമനില

News Sports

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് ആറാം ജയം. പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനക്ക് കൊളംബിയയോട് സമനില വഴങ്ങേണ്ടി വന്നു. കൊളംബിയക്കെതിരെ ആദ്യ പത്തുമിനിറ്റില്‍ രണ്ടുഗോളിന് മുന്നിട്ട ശേഷമായിരുന്നു അര്‍ജന്റീനക്കാര്‍ ജയം അടിയറവ് വെച്ചത്. മൂന്നാം മിനുറ്റില്‍ ക്രിസ്റ്റ്യന്‍ റൊമെറോ, എട്ടാം മിനുറ്റില്‍ ലിയാഡ്രോ പരേദേസ് എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റിയായിരുന്നു കൊളംബിയയുടെ തിരിച്ചടിയുടെ ആരംഭം. ഇഞ്ച്വറി ടൈമിലായിരുന്നു ബോര്‍ജയിലൂടെയുള്ള സമനില ഗോള്‍. ആറുകളികളില്‍ നിന്നും 12 പോയന്റുള്ള അര്‍ജന്റീന പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. നാലാം മിനുറ്റില്‍ തന്നെ ഗോളടിച്ച സൂപ്പര്‍ താരം നെയ്മറിലൂടെയായിരുന്നു ബ്രസീലിന്റെ തുടക്കം. ഇഞ്ചുറി ടൈമില്‍ ലൂക്കാസ് പക്വിറ്റയാണ് വിജയമുറപ്പിച്ച് ബ്രസീലിനായി രണ്ടാം ഗോള്‍ നേടിയത്. ആറുമത്സരങ്ങളില്‍ നിന്നും ആറും ജയിച്ച ബ്രസീല്‍ 18 പോയന്റുമായി ഗ്രൂപ്പില്‍ ബഹുദൂരം മുന്നിലാണ്.