എട്ട് വര്‍ഷം പഴയ ട്വീറ്റുകളുടെ പേരില്‍ ക്രിക്കറ്റില്‍ നിന്ന് സസ്‌പെന്‍ഷന്‍

News Sports

2013ല്‍ നടത്തിയ വംശീയാധിക്ഷേപ, ലൈംഗികചുവയുള്ള ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി യുവ പേസര്‍ ഒലി റോബിന്‍സണെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനം കുറച്ചു കടന്ന കൈയ്യെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ കള്‍ച്ചറല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡന്‍. സെക്രട്ടറിയുടെ പരാമര്‍ശത്തെ പിന്തുണക്കുന്നുവെന്ന നിലപാടുമായി യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പിന്നാലെ രംഗത്തെത്തി.

റോബിന്‍സണിന്റെ പരാമര്‍ശം തീര്‍ത്തും മോശമാണെന്നും എന്നാല്‍ ചെറുപ്പകാലത്ത് നടത്തിയ പരാമര്‍ശത്തില്‍ താരം ഇപ്പോള്‍ പക്വത വന്നപ്പോള്‍ മാപ്പ് പറഞ്ഞിട്ടും നടപടിയുമായി മുന്നോട്ട് പോകാനുള്ള ഇംഗ്ലണ്ട് ബോര്‍ഡിന്റെ തീരൂമാനം കടന്ന കൈയ്യാണെന്നും ഒലിവര്‍ അറിയിച്ചു. സെക്രട്ടറിയുടെ അഭിപ്രായത്തോട് താനും യോജിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്യക്തമാക്കിയത്. ബോറിസിന്റെ ഔദ്യോഗിക വക്താവാണ് ഇത് അറിയിച്ചത്.

കഴിഞ്ഞ ദിവസം അവസാനിച്ച ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റില്‍ കളിച്ചുകൊണ്ടാണ് റോബിന്‍സണ്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ തുടങ്ങുന്നത്. എന്നാല്‍ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞതിന് ശേഷമാണ് താരത്തിന് ഇത്തരത്തിലൊരു തിരിച്ചടി നേരിടേണ്ടി വന്നത്. കൗമാര പ്രായത്തില്‍ ചെയ്ത ട്വീറ്റുകളുടെ പേരിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ജൂണ്‍ 10ന് എഡ്ജ്ബാസ്റ്റണില്‍ ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലോ സംഭവത്തില്‍ അന്വേഷണം അവസാനിക്കുന്നത് വരെ മറ്റൊരു അന്താരാഷ്ട്ര മത്സരത്തിലോ താരത്തിന് കളിക്കാനാവില്ല.