മുന്നില്‍ നിന്ന് നയിച്ച് സുനില്‍ ഛേത്രി; ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് രണ്ടു ഗോളിന്റെ ജയം

India News Sports

ലോകകപ്പ്, ഏഷ്യാ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരേ എതിരില്ലാത്ത രണ്ടു ഗോളിന്റെ ആധികാരിക വിജയം. നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്ക് വേണ്ടി രണ്ടു ഗോളുകളും നേടിയത്. ഗോള്‍രഹിത സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച മത്സരത്തിന്റെ 79-ാം മിനിറ്റിലാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ആ ഗോള്‍ പിറന്നത്.

മലയാളി താരമായ ആഷിഖ് കുരുണിയന്‍ നല്‍കിയ മികച്ചൊരു ക്രോസാണ് ഛേത്രി ആദ്യ ഗോളാക്കി മാറ്റിയത്. കളിയുടെ അധിക സമയത്തിലെ രണ്ടാം മിനിറ്റിലായിരുന്നു സുനില്‍ ഛേത്രി ബംഗ്ലാദേശിന്റെ തോല്‍വിക്ക് മുകളില്‍ അടുത്ത ആണിയും അടിച്ചു കയറ്റിയത്. സുനില്‍ ഛേത്രിയുടെ 74-ാംമത്തെ അന്താരാഷ്ട്ര ഗോളാണിത്. ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ അവസാനിച്ച ഇന്ത്യ ഈ മത്സരത്തിലെ ജയത്തോടെ ഏഷ്യ കപ്പ് യോഗ്യത പ്രതീക്ഷകള്‍ സജീവമാക്കി. ഫിഫ ലോക റാങ്കിങില്‍ ഇന്ത്യ 105-ാം സ്ഥാനത്തും ബംഗ്ലാദേശ് 184-ാം റാങ്കിലുമാണ്.