തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ 98ാം ജന്മദിനത്തോട് അനുബന്ധിച്ച് ആറ് സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍

News Politics

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ 98ാം ജന്മദിനത്തോട് അനുബന്ധിച്ച് ആറ് സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഭിന്നലിംഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സിറ്റി ബസുകളില്‍ ഇനി സൗജന്യ യാത്രയുള്‍പ്പെടെയാണ് പിതാവിന്റെ ജന്മദിനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രഖ്യാപനം. അധികാരമേറ്റതിന് പിന്നാലെ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര അനുവദിച്ചതിന് പിന്നാലെയാണ് ആനുകൂല്യം കൂടുതല്‍ പേരിലേക്ക് ദീര്‍ഘിപ്പിക്കുന്നത്.

250 കോടി ചിലവില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിര്‍മാണമാണ് മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം. ഗിണ്ടി ജില്ലയിലാണ് രണ്ട് ലക്ഷം ചതുരശ്ര അടിയില്‍ 500 കിടക്കകളുള്ള മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഒരുക്കുക.

സാഹിത്യ സാസ്‌കാരിക രംഗവുമായി ബന്ധപ്പെട്ടാണ് മറ്റ് സുപ്രധാന പ്രഖ്യാപനങ്ങളുള്ളത്. ജ്ഞാനപീഠ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ എന്നിവ നേടിയവര്‍ക്ക് സര്‍ക്കാര്‍ വീടുവച്ചു നല്‍കും. 70 കോടി രൂപ ചെലവില്‍ മധുരയില്‍ കരുണാനിധി സ്മാരക ലൈബ്രറി നിര്‍മിക്കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കര്‍ഷകരുടെ വിളകള്‍ സംരക്ഷിക്കുന്നതിനായി ഗോഡൗണുകള്‍ നിര്‍മ്മിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കാലവര്‍ഷം മൂലമുണ്ടാകുന്ന വിള നാശം കുറയ്ക്കാന്‍ ഗോഡൗണുകള്‍ നിര്‍മ്മിക്കും. 16,000 മെട്രിക്ക് ടണ്‍ സംഭരണ ശേഷിയുള്ള ഗോഡൗണുകള്‍ക്കായി 24.30 കോടിയാണ് നീക്കിവച്ചിരിക്കുന്നത്.

കൂടാതെ സംസ്ഥാനത്തെ 38 ജില്ലകളിലായി 1000 വൃക്ഷതൈകള്‍ നട്ടു പരിപാലിക്കും. കൂടാതെ കോവിഡ് ദുരിതാശ്വാസത്തിനായി നല്‍കുന്ന തുകയുടെ രണ്ടാം ഘട്ടത്തിന്റെ വിതരണവും ജന്മദിനാചരണത്തോട് അനുബന്ധിച്ചു നടന്നു. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 പലചരക്കു സാധനങ്ങളടങ്ങിയ കിറ്റിന്റെ വിതരണമുള്‍പ്പെടെയാണ് നടത്തിയത്. ജന്മദിനത്തില്‍ കരുണാനിധിയുടെ സ്മാരകത്തില്‍ എത്തി എം കെ സ്റ്റാലിന്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വീഡിയോ സന്ദേശവും സ്റ്റാലിന്‍ പങ്കുവച്ചു. തമിഴ്നാട്ടില്‍ ഡിഎംകെ വീണ്ടും അധികാരത്തില്‍ എത്തിക്കണ അച്ഛന്റെ ആഗ്രഹം നിറവേറ്റിയതായും സ്റ്റാലിന്‍ സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.