സികെ ജാനുവിന് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

News Politics

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന് വ്യക്തിപരമായി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു രൂപ പോലും സികെ ജാനു തന്നോട് ആവശ്യപ്പെട്ടില്ലെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സുല്‍ത്താന്‍ ബത്തേരിയില്‍ പാര്‍ട്ടിയുടെ ആവശ്യത്തിനായി നിയമാനുസൃതമായി പണം നല്‍കിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സികെ ജാനുവിനെ പോലെ ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ആക്രമിക്കരുതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ‘ഇത്തരത്തിലുള്ള ധാരാളം പ്രചരണങ്ങള്‍ പ്രചരണ സമയത്ത് വരും. സികെ ജാനുവും ഞാനും തമ്മില്‍ ഒരു സംസാരവും നടന്നിട്ടില്ല. ഇനി തെരഞ്ഞെടുപ്പിനെ സംബന്ധിച്ചാണെങ്കില്‍ അവര്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചെലവുകളുണ്ടായിട്ടുണ്ട്. അതിന് വ്യവസ്ഥാപിതമായ സംവിധാനം അനുസരിച്ചേ കാര്യങ്ങള്‍ നടന്നിട്ടുള്ളൂ,’ കെ സുരേന്ദ്രന്‍ തുടര്‍ന്നു.

ഒപ്പം ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് തന്നെ വിളിച്ചിട്ടുണാവാമെന്നും ഇക്കാര്യം തനിക്ക് ഓര്‍മ്മയില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ശബ്ദ രേഖ വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തെരഞ്ഞെടുപ്പ് സമയത്ത് തിരക്കിനിടയില്‍ നൂറു കണക്കിന് പേര്‍ വിളിക്കും. സികെ ജാനു എന്നൊരാള്‍ അവരുടെ ആവശ്യത്തിന് വേണ്ടി ഞങ്ങളോടാരൊടും ഒരു പണവും ചോദിച്ചിട്ടില്ല. ഒന്നാമത്തെ കാര്യം 10 കോടി രൂപയാണ് ബിജെപിയുടെ ഒരു ടിക്കറ്റ് ലഭിക്കാന്‍ പത്ത് കോടി ഒരാള്‍ ചോദിക്കുന്നെന്നാണ് പറയുന്നത്. അതും അങ്ങോട്ട് കൊടുക്കാന്‍. പിന്നീട് പത്തു കോടിയില്‍ നിന്ന് ഒറ്റയടിക്ക് അത് 10 ലക്ഷമാവുകയാണ്,’ കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.