എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ ബിജെപിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ശബ്ദ രേഖ; വിശദീകരണവുമായി സികെ ജാനു

News Politics

എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ ബിജെപിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ശബ്ദ രേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി സികെ ജാനു. ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നും സികെ ജാനു പറഞ്ഞു. ഇതിനെ നിയമപരമായി നേരിടാനാണ് തീരുമാനം. ഇത്തരമൊരു കാര്യം ചെയ്യണമെങ്കില്‍ തനിക്ക് ഇടനിലക്കാരിയുടെ ആവശ്യം ഇല്ലെന്നും സികെ ജാനു വ്യക്തമാക്കി.

ജെആര്‍പി സംസ്ഥാന ട്രെഷറര്‍ പ്രസീത അഴീകൊടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്.സിപി ഐഎമ്മില്‍ ഉണ്ടായിരുന്ന സമയത്ത് ഉണ്ടായിരുന്ന ബാധ്യതകള്‍ തീര്‍ക്കാനാണ് പണം എന്നും പ്രസീത സുരേന്ദ്രനോട് പറയുന്നതായി ശബ്ദ സന്ദേശത്തിലുണ്ട്.

ശബ്ദ സന്ദേശത്തിന്റെ പൂര്‍ണരൂപം-

ഞാന്‍ ഇന്നലെ സാറിനോട് ഒരു കാര്യം പറഞ്ഞായിരുന്നു. ചേച്ചി ഇന്നലെ പത്ത് കോടി എന്നൊക്കെ പറഞ്ഞത് ആള്‍ക്കാര്‍ക്ക് ഉള്‍കൊള്‍ക്കൊള്ളാന്‍ കഴിയാത്തതെന്നൊക്കെ അറിയാം. കാര്യങ്ങള്‍ തുറന്ന് പറയാം. ഞങ്ങള്‍ വരുന്ന വഴിയില്‍ അത് ചര്‍ച്ച ചെയ്തിരുന്നു. ആദ്യം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പിടിവാശിയൊക്കെ കാണിച്ചു. അവസാനം പറഞ്ഞത് സിപി ഐഎമ്മില്‍ ഉണ്ടായിരുന്ന സമയത്ത് ആരോടൊക്കയോ കുറച്ച് പൈസ ഒക്കെ വാങ്ങിയെന്നാണ് പറയുന്നത്. അത് തിരിച്ചുകൊടുക്കാതെ എന്‍ഡിഎയുടെ ഭാഗമായി വന്നാല്‍ അവര്‍ പ്രശ്നം ഉണ്ടാക്കും. പത്ത് ലക്ഷം രൂപ വേണമെന്നാണ് പറയുന്നത്. അതില്‍ നമുക്ക് റോള്‍ ഒന്നുമില്ല. അത് അവര്‍ക്ക് കൊടുക്കുകയാണെങ്കില്‍ ഏഴാം തിയ്യതി അമിത്ഷായുടെ മീറ്റിംഗ് തുടങ്ങുന്ന ദിവസം മുതല്‍ സജീവമായി രംഗത്തുണ്ടാവും. പിന്നെ ബത്തേരി സീറ്റും. മറ്റ് സീറ്റൊന്നും വേണ്ട. ചുമതലകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്. പൈസ എങ്ങനെയാണ് കൊടുക്കുന്നത് എന്നത് നിങ്ങള്‍ ഡീല്‍ ചെയ്യ്. നമ്മുടെ ചില പ്രശ്നങ്ങളും ഉണ്ട്. നമുക്കും എന്തെങ്കിലും പൈസ തരണം. ഏഴാം തിയ്യതിക്ക് മുന്നേ കൊടുക്കുകയാണെങ്കില്‍ അതാണ് നല്ലത്. ആറാം തിയ്യതി പത്രസമ്മേളനം വിളിക്കാം.

ശബ്ദ സന്ദേശത്തില്‍ ആറാം തിയ്യതി മുഴുവന്‍ പണവും നല്‍കാമെന്നും തിരുവനന്തപുരത്ത് എത്താനുമാണ് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടാവുമെന്നും സുരേന്ദ്രന്‍ പറയുന്നു.

Leave a Reply

Your email address will not be published.