പൊങ്കാല ശുചീകരണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ ധൂര്‍ത്തടിച്ചെന്ന ആരോപണം: മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍

News Politics

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ പൊങ്കാല സമര്‍പ്പണം വീടുകളിലേക്ക് മാറ്റിയിട്ടും ശുചീകരണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ധൂര്‍ത്തടിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. പൊങ്കാല ചടങ്ങുമായി ബന്ധപ്പെട്ട് 28 ലോഡ് മാലിന്യമാണ് വിവിധ സര്‍ക്കിളുകളില്‍ നിന്ന് ശേഖരിച്ചതെന്നാണ് ആര്യയുടെ മറുപടി. പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കാന്‍ 21 ടിപ്പര്‍ ലോറികള്‍ ഉപയോഗിച്ചുവെന്നും 3,57,800 രൂപ ചെലവായെന്നുമുള്ള കണക്കിന്റെ പേരില്‍ ആര്യ രാജേന്ദ്രനെതിരെ അഴിമതി ആരോപണം ഉള്‍പ്പെടെ ഉയര്‍ന്നുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മേയര്‍ രംഗത്തെത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ വച്ച് പൊങ്കാല നടത്തുന്നതിന് ആഹ്വാനം നല്‍കിയിരുന്നുവെങ്കിലും ആയത് പ്രകാരം റോഡിലിറങ്ങാതെ വീടുകളില്‍ മാത്രമായി പൊങ്കാലയിടല്‍ ചുരുങ്ങുമെന്ന് ‘ നഗരസഭയ്ക്ക് കരുതാനാവില്ലെന്ന് മേയര്‍ പറയുന്നു. അതിനാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ വീടിന് പുറത്തിറങ്ങി പൊങ്കാലയിടുന്ന സാഹചര്യമുണ്ടായാല്‍ ആയതിന് ആവശ്യമായ മുന്നൊരുക്കം നഗരസഭ നടത്തേണ്ടതുണ്ടായിരുന്നു . മുന്‍കാലങ്ങളില്‍ ഇതിനായി മാത്രം 3000 ത്തോളം താല്‍ക്കാലിക ജീവനക്കാരെയും നിയോഗിച്ചിരുന്നു . എന്നാല്‍ ഇത്തവണത്തെ പ്രത്യേക സാഹചര്യത്തില്‍ നഗരസഭ താല്‍ക്കാലിക ജീവനക്കാരെ ഇതിനായി നിയോഗിച്ചിരുന്നില്ല . മുന്‍കാലങ്ങളില്‍ ഇതിനുവേണ്ടി മാത്രം 20 ലക്ഷത്തോളം രൂപ ചെലവാകുമായിരുന്നു . ദിവസം പൊങ്കാല ഇല്ലാതെ പൊങ്കാല മാലിന്യം നീക്കി എന്നത് തെറ്റായ വാര്‍ത്തയാണ് എന്ന് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിച്ച നഗരവാസികളായ എല്ലാ ഭക്തജനങ്ങള്‍ക്കും ബോധ്യമുള്ളതാണെന്നും ആര്യ രാജേന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു.

മണക്കാട് , ഫോര്‍ട്ട് , ശ്രീകണേശ്വരം , ചാല , ചെന്തിട്ട , കരമന സര്‍ക്കിളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പൊങ്കാല മാലിന്യം ശേഖരിതെന്നാണ് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പൊങ്കാല മഹോത്സവം നടന്നതെങ്കിലും ആചാരനുഷ്ഠാനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല . അതുകൊണ്ട് തന്നെ ഉത്സവത്തിന്റെ ഫലമായി സാധാരണഗതിയില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു . ആ നടപടിയാണ് യാതൊരു പരാതികള്‍ക്കും ഇടവരുത്താതെ മുന്‍കാലങ്ങളിലേത് പോലെ നഗരസഭ നിര്‍വഹിച്ചത് . മാലിന്യം നീക്കം ചെയ്തതിന് ചെലവായ തുക നാളിതുവരെ നല്‍കിയിട്ടുമില്ലെന്നും മേയര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.