അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് സമവായമുണ്ടാക്കുമെന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നത്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

News Politics

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് സമവായമുണ്ടാക്കുമെന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ പരിസ്ഥിതിക്കായി ജീവിച്ച എത്രയോപേര്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. വലിയ ഭൂരിപക്ഷത്തോടെയുള്ള ഭരണം ഒരു വ്യക്തിയുടെ പോലും അഭിപ്രായം ശ്രദ്ധയോടെയും നിഷ്പക്ഷമായും കേള്‍ക്കാനുള്ള ചുമതലയാണ് ഈ സര്‍ക്കാരിന് മുകളില്‍ വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും കെ. കൃഷ്ണന്‍കുട്ടിയില്‍ നിന്നും ഉയര്‍ന്ന പരിസ്ഥിതി ബോധത്തോടെയുള്ള, ആധുനിക ലോകത്തിനിണങ്ങുന്ന തീരുമാനം പ്രതീക്ഷിക്കുന്നു.

കാലാവസ്ഥാമാറ്റത്തിലൂടെ, കനത്തമഴയുടെയും ആവര്‍ത്തിക്കുന്ന പ്രളയങ്ങളിിലൂടെയും കടന്നുപോകുന്ന കാലത്ത് വന്‍ജലവൈദ്യുതപദ്ധതികളല്ല കേരളത്തിന് വേണ്ടത്. പരിസ്ഥിതിയെ മാറ്റി മറിച്ചുകൊണ്ടുള്ള ഒരു വന്‍കിടപദ്ധതിയും ഇനി കേരളത്തിന്റെ പരിസ്ഥിതി താങ്ങില്ല. ഇപ്പോള്‍ത്തനെ കടല്‍കയറിയും പുഴകള്‍ കരകവിഞ്ഞും മലകളിടിഞ്ഞും പ്രകൃതി തിരിച്ചടിക്കുന്നത് ഏറ്റുവാങ്ങുകയാണ് നമ്മള്‍. വ്യത്യസ്ത അഭിപ്രായങ്ങളും ശാസ്ത്ര സത്യങ്ങളും ഉള്‍ക്കൊണ്ടേ മുന്നോട്ട് പോകാനാവൂ.

അതിരപ്പള്ളി പദ്ധതി വേണ്ട എന്നതുതന്നെയാണ് യുഡിഎഫിന്റെ നേരത്തെയുള്ള അസന്നിഗ്ദ നിലപാട്. ഇതേ നിലപാടായിരിക്കും യുഡിഎഫ് ഇക്കാര്യത്തില്‍ തുടര്‍ന്നും സ്വീകരിക്കുകയെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ അറിയിച്ചു.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് ജലവൈദ്യുത പദ്ധതികളെക്കുറിച്ചും വികസനത്തെക്കുറിച്ചും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രസ്താവന നടത്തിയത്. വൈദ്യുതി മിച്ച സംസ്ഥാനമാകാന്‍ കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ വേണം. കര്‍ഷകര്‍ക്ക് സോളാര്‍, കാറ്റാടി പദ്ധതികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ക്കും കര്‍ഷകര്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വിതരണത്തിന് ശ്രമിക്കും. അനര്‍ട്ട് പുനഃസഘടിപ്പിക്കും. വിവാദ പദ്ധതി ആയതിനാല്‍ അതിരപ്പിള്ളിയില്‍ തീരുമാനം മുന്നണി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി കേരളത്തിന് അനിവാര്യം ആണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള കഴിഞ്ഞ ജൂണില്‍ പറഞ്ഞിരുന്നു. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ പദ്ധതികള്‍ ഉണ്ടാവണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നായിരുന്നു അന്ന് കെഎസ്ഇബിയുടെ വിശദീകരണം.

കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പദ്ധതികളുടെ നിലവിലെ അവസ്ഥ വിലയിരുത്തിയത്. എല്ലാ അനുമതികളും ലഭ്യമായിട്ടും നടപ്പിലാക്കാതെ പോയ അതിരപ്പിള്ളി പദ്ധതി പരാമര്‍ശിക്കപ്പെട്ടത് അവിടെയാണ്. കാലാവധി കഴിഞ്ഞ അനുമതിക്കായി വീണ്ടും അപേക്ഷിക്കാന്‍ കെഎസ്ഇബിയോട് കേന്ദ്ര വൈദ്യുതി അതോറിറ്റി നിര്‍ദ്ദേശിച്ചു. പക്ഷേ ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിപത്രം വേണമെന്നായിരുന്നു നിബന്ധന. ഇതു പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ എന്‍ ഒ സി തേടിയതെന്ന് കെഎസ്ഇബിയുടെ വിശദീകരിച്ചിരുന്നു. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജലവൈദ്യുതപദ്ധതികള്‍ തന്നെയാണ് അഭികാമ്യം. ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. സോളാര്‍, കാറ്റ് തുടങ്ങിയ പുനരുപയോഗ മാര്‍ഗങ്ങള്‍ സംസ്ഥാനത്ത് പരിമിതമാണെന്നും കെ എസ് ഇ ബി വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published.