സ്പീക്കറുടെ കസേര കാലുകൊണ്ട് തട്ടിയിട്ടവരാണ് ഇപ്പോള്‍ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നത്: കെ.കെ രമ

News Politics

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത സംഭവം പരിശോധിക്കുമെന്ന സ്പീക്കറുടെ പ്രസ്താവനക്കെതിരെ കെകെ രമ എംഎല്‍.എ. സ്പീക്കറുടെ കസേര കാലുകൊണ്ട് തട്ടിയിട്ടവരാണ് ഇപ്പോള്‍ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് കെ.കെ രമ ചോദിച്ചു. നെഞ്ചിലുണ്ടാവും, മരണം വരെ എന്ന അടിക്കുറിപ്പോടു കൂടി കെകെ രമ ഫേസ്ബുക്കില്‍ സത്യപ്രതിജ്ഞയുടെ ചിത്രം പങ്കുവെച്ചിരുന്നു. കേരളാ കൗമദിയാണ് രമയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വടകര എംഎല്‍എയായ കെകെ രമയുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്നാണ് സ്പീക്കര്‍ എംബി രാജേഷ് നേരത്തെ പറഞ്ഞത്. സത്യപ്രതിജ്ഞയ്ക്ക് ആര്‍എംപി സ്ഥാപകനും ഭര്‍ത്താവുമായ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് സാരിയില്‍ അണിഞ്ഞായിരുന്നു കെകെ രമ എത്തിയത്.

എന്നാല്‍ നിയമസഭയുടെ കോഡ് ഓഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയതാണെന്നും അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും എംബി രാജേഷ് വ്യക്തമാക്കി.

പ്രോ ടൈം സ്പീക്കര്‍ അഡ്വ. പിടിഎ റഹീം മുമ്പാകെ സഗൗരവ പ്രതിജ്ഞയാണ് കെകെ രമ എടുത്തത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ടിപിയുടെ ബാഡ്ജ് ധരിച്ചു വന്നതെന്ന് സത്യപ്രതിജ്ഞാ ദിവസം കെകെ രമ പറഞ്ഞിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആര്‍എംപിയുടെ തീരുമാനം.

Leave a Reply

Your email address will not be published.