ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ എല്ലാവര്‍ക്കും നല്‍കേണ്ടിവരും; കെ.കെ ശൈലജയെ മാറ്റിയതില്‍ സിപിഐഎം വിശദീകരണം

Keralam News Politics

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി സിപിഐഎം. ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കുന്നത് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള എഴുതിയ ലേഖനത്തിലാണ്.

എംഎല്‍എമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാള്‍ക്കോ കുറേപ്പേര്‍ക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ നിന്ന് ഇളവ് നല്‍കേണ്ടന്ന് സംസ്ഥാന കമ്മിറ്റിയുടെ ഏകകണ്ഠേനയുള്ള തീരുമാനമാണ്. ഇളവ് നല്‍കിയാല്‍ 26 എംഎല്‍എമാര്‍ക്കും 11 മന്ത്രിമാര്‍ക്കും ഇളവ് നല്‍കേണ്ടി വരുമായിരുന്നു.അങ്ങനെയെങ്കില്‍ പുതുതായി ഒരു മന്ത്രിയെയും പുതിയ മന്ത്രിസഭയില്‍ എടുക്കാന്‍ കഴിയുമായിരുന്നില്ല. എംഎല്‍എമാരുടെ പുതുനിരയും ഉണ്ടാകുമായിരുന്നില്ല എന്ന് ലേഖനത്തില്‍ വിശദീകരിക്കുന്നു.

പാര്‍ട്ടിയുടെ നിലവിലുണ്ടായിരുന്ന 59 എംഎല്‍എമാരില്‍ 26 പേര്‍ രണ്ടുതവണതുടര്‍ച്ചയായി വിജയിച്ച് എംഎല്‍എമാരായി തുടരുന്നവരായിരുന്നു. സ്ഥാനാര്‍ത്ഥിത്വം വീണ്ടും ലഭിക്കാത്ത ഈ 26 പേരില്‍ അഞ്ചുപേര്‍ മന്ത്രിമാരുമായിരുന്നു. മന്ത്രിസഭാ രൂപീകരണ ഘട്ടത്തില്‍ തന്നെ കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി രാമകൃഷ്ണന്‍, എം.എം മണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പുതിയ മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

ആരെയെങ്കിലും പ്രത്യേകമായി പരിഗണിച്ചാല്‍ ചിലരുടെ മാത്രം പ്രവര്‍ത്തനം അംഗീകരിക്കപ്പെടാന്‍ ഇടയുണ്ട്. അത് പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണയും അനൈക്യവും വളര്‍ത്താന്‍ ഇടയാക്കും. അതിനാലായിരുന്നു അത്തരമൊരു തീരുമാനം. പ്രധാനപ്പെട്ട പാര്‍ട്ടി സ്ഥാനങ്ങളിലേക്കും പാര്‍ലമെന്ററി സ്ഥാനങ്ങളിലേക്കും കഴിവുള്ളവര്‍ക്ക് കടന്നുവരുന്നതിന് പുതിയ അവസരം ലഭിക്കും. പാര്‍ട്ടി തുടര്‍ച്ചയായി പുതുക്കപ്പെടാന്‍ ഇത്തരം മാറ്റങ്ങള്‍ സഹായിക്കുമെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എസ്.രാമചന്ദ്രന്‍പിള്ള വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published.