മുസ്ലിം ലീഗ്; ബഹുസ്വരതയും ന്യൂനപക്ഷാവകാശസംരക്ഷണവും സമന്വയിപ്പിച്ച രാഷ്ട്രീയ മാതൃക: പി.കെ കുഞ്ഞാലിക്കുട്ടി

Keralam News Politics

ഡല്‍ഹി : ബഹുസ്വരതയും ന്യുനപക്ഷ അവകാശ സംരക്ഷണവും മനോഹരമായി സമന്വയിപ്പിച്ച രാഷ്ട്രീയ മാതൃകയാണ് മുസ്ലിം ലീഗെന്ന് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു .മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ്
വെര്‍ച്വല്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഏഴര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ലീഗിന്റെ വിജയകരമായ പരീക്ഷണം വിമര്‍ശകര്‍ പോലും അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് പാര്‍ട്ടി ജനാധിപത്യ ഇടപെടലിന്റെ അപൂര്‍വ്വ മാതൃകയാണ്. ഇന്ത്യയിലെ ഈ വിജയകരമായ മാതൃക ആഗോള സമൂഹം ചര്‍ച്ച ചെയ്യണം. യുദ്ധക്കൊതിയുടെ വര്‍ത്തമാന കാലത്ത് സമാധാനപരമായ സഹവര്‍ത്തിത്വത്തിന് വലിയ പ്രസക്തിയുണ്ട്.
സാംസ്‌കാരികമായ വ്യക്തിത്വം കാത്ത് സൂക്ഷിച്ച് തന്നെ ജനാധിപത്യം, മതേതരത്വം, തുടങ്ങിയ ആശയങ്ങളെ നേരത്തെ തന്നെ സ്വീകരിച്ചു എന്നതാണ് മുസ്ലിം ലീഗിന്റെ സവിശേഷത. മുസ്ലിം ലീഗ് എന്ന ഇന്ത്യന്‍ ആശയത്തെ ലോക ശ്രദ്ധയില്‍ കൊണ്ട് വരാനും ചെന്നൈയില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനം ലക്ഷ്യമാക്കുന്നുണ്ട്.മുസ്ലിം ലീഗ് രൂപീകരണത്തിന്റെ പ്‌ളാറ്റിനം ജൂബിലി സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന് യൂത്ത് ലീഗ് ഘടകങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. വികെ ഫൈസല്‍ ബാബു സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചര്‍ച്ച ഉല്‍ഘാടനം ചെയ്തു.
ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അശ്റഫലി സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ സംസ്ഥാന ഘടകങ്ങളുടെ രൂപീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിലീഫ് വിങ്ങിന്റെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നടന്നു വരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പദ്ധതികളും കണ്‍വീനര്‍ സികെ ശാക്കിര്‍ വിശദീകരിച്ചു.

കേരള സംസ്ഥാന ജന:സെക്രട്ടറി പികെ ഫിറോസ് , ദേശീയ ഭാരവാഹികളായ സുബൈര്‍ ഖാന്‍ (മഹാരാഷ്ട്ര), ഉമര്‍ ഫാറൂഖ് ഇനംദര്‍ (കര്‍ണാടക), സജ്ജാദ് ഹുസൈന്‍ അക്തര്‍ (ബീഹാര്‍), അഡ്വ: സര്‍ഫറാസ് അഹമ്മദ് (യു പി), മുഹമ്മദ് ഇല്യാസ് (തമിഴ്‌നാട്), തൗസീഫ് ഹുസൈന്‍ (അസം), പി.പി അന്‍വര്‍ സാദത്ത്, സാജിദ് നടുവണ്ണൂര്‍ (കേരളം) കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സുബൈര്‍ (യു.പി) ജുനൈദുദീന്‍ ഷെയ്ഖ് (ഗുജറാത്ത്), അഡ്വ. മര്‍സൂഖ് ബാഫഖി, ആഷിഖ് ചിലവൂര്‍, നിതിന്‍ കിഷോര്‍, ഇ ഷമീര്‍, അഡ്വ.എന്‍.എ കരിം, ടി.എ ഫാസില്‍ (കേരളം) മുദസ്സിര്‍ അഹമ്മദ് , ഷഹസാദ് അബ്ബാസി(ഡല്‍ഹി)മുഹമ്മദ് ഇമ്രാന്‍ (ഉത്തരാഖണ്ഡ്), മുഹമ്മദ് അബ്ദുല്‍ മജീദ് (ബംഗാള്‍), അബ്ദുല്‍ അസീസ് (ആന്ധ്ര) എന്നിവര്‍ സംസാരിച്ചു.
ഹസന്‍ സകരിയ്യ സേലം (തമിഴ്‌നാട്) നന്ദി പറഞ്ഞു.