കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബിജെപിയിലേക്ക്

India News Politics

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ ബിജെപിയിലേക്ക്. ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ടുതവണ ലോക്‌സഭാ എംപിയായിരുന്നു ജിതിന്‍ പ്രസാദ. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും ജിതിന്‍ പ്രസാദയുടെ കൂടുമാറ്റത്തിലൂടെ ടീമിലെ പ്രധാന അംഗത്തെയാണ് നഷ്ടമാകുന്നത്. മധ്യ യുപിയിലെ ബ്രാഹ്‌മണ മുഖമായ പ്രസാദയുടെ വരവ് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ബ്രാഹ്‌മണ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ജിതന്‍ പ്രസാദയിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

2004, 2009 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഷാജഹാന്‍പൂര്‍, ധൗറ മണ്ഡലങ്ങളില്‍ നിന്നാണ് പ്രസാദ ലോക്‌സഭയിലേക്കെത്തിയത്. മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും പി.വി നരസിംഹറാവുവിന്റെയും രാഷ്ട്രീയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് പ്രസാദ. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിര്‍ ചേരിയിലുളള പരമാവധി നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് പ്രസാദയുടെ കൂടുമാറ്റമെന്നാണ് വിലയിരുത്തല്‍.